കൊല്‍ക്കത്ത : യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നത് പ്രതിപക്ഷ നേതാവ് പങ്കെടുത്തതിനാലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ താന്‍ ഉണ്ടാകില്ലന്ന് മമത അറിയിച്ചിരുന്നതായും ഗവര്‍ണര്‍ പറഞ്ഞു. യോഗത്തിന് തൊട്ടുമുമ്പ് ഗവര്‍ണറെ ഫോണ്‍വിളിച്ചാണ് മമത ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ബംഗാളിലെത്തി യോഗം വിളിച്ചിട്ടും മമതയും ചീഫ്സെക്രട്ടറിയും മനപ്പൂര്‍വ്വം വിട്ടു നിന്നത് വാര്‍ത്തയാകുകയും ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ചീഫ്സെക്രട്ടറി ആലാപന്‍ ബന്ധോപാദ്ധ്യായ്ക്കെതിരെ കേന്ദ്രം കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസും നല്കി. അതിന് പിന്നാലെയാണ് ഗവര്‍ണര്‍ മമത മനപ്പൂര്‍വ്വം വിട്ടുനിന്നതാണെന്ന് ട്വിറ്ററിലൂടെ ആരോപിച്ചിരിക്കുന്നത്.
ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിന്റെ സേവനങ്ങളില്‍ അഹങ്കാരം കയ്യടക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ 24 മണിക്കൂറും ജനങ്ങളെ സേവിക്കേണ്ടത് മമതയുടെ കര്‍ത്തവ്യമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടികള്‍ തീര്‍ത്തും അപ്രതീക്ഷിതമാണ്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ സംസ്ഥാനത്തെ ബിജെപി എംഎല്‍എമാര്‍ക്ക് പങ്കെടുക്കേണ്ട കാര്യമില്ലെന്നാണ് മമത അറിയിച്ചത്. ജനങ്ങളെ സേവിക്കുന്നതിന് പകരം അധികാരത്തിലെത്തിയ സര്‍ക്കാരിന്റ അഹങ്കാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ധന്‍കര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: