ജറുസലേം: സഖ്യസര്‍ക്കാരില്‍ ചേരുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ച് ഇസ്രയേലി തീവ്ര വലതുപക്ഷക്കാരനായ നഫ്താലി ബെന്നറ്റ്. ഇതോടെ ദീര്‍ഘനാളായി പ്രധാനമന്ത്രിപദത്തില്‍ തുടരുന്ന ബഞ്ചമിന്‍ നെതന്യാഹുവിന് സ്ഥാനമൊഴിയേണ്ടി വന്നേക്കും. ബുധനാഴ്ച വരെ അനുവദിച്ചിരിക്കുന്ന സമയപരിധിക്കു മുന്നോടിയായി നെതന്യാഹുവിനെ എതിര്‍ക്കുന്ന ജനപ്രതിനിധികള്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. കോഴ, വിശ്വാസ വഞ്ചന തുടങ്ങിയ ആരോപണങ്ങളില്‍ വിചാരണ നേരിടുന്ന 71-കാരനായ നെതന്യാഹു രാഷ്‌ട്രീയ വിവാദങ്ങള്‍ക്കിടെ രണ്ടുവര്‍ഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെ നേരിട്ടുവെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല.
മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. തുടര്‍ന്നാണ് രണ്ടാമതെത്തിയ, പ്രതിപക്ഷ നേതാവ് യയിര്‍ ലാപിഡ് നേതൃത്വം നല്‍കുന്ന യഷ് അതീദ് പാര്‍ട്ടിയെ സര്‍ക്കാരിന് രൂപംനല്‍കാന്‍ പ്രസിഡന്റ് ക്ഷണിച്ചതും ബുധനാഴ്ചവരെ സമയം നല്‍കിയതും.
വ്യത്യസ്തമായ കക്ഷികളെ കൂട്ടുപിടിച്ച് ഭരണത്തിലേറാന്‍ ശ്രമിക്കുന്ന ലാപിഡിന്റെ നേതൃത്വത്തിലുള്ള മുന്നണിയെ ‘മാറ്റത്തിനു’ ഒരു കൂട്ടായ്‌മ എന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബെന്നറ്റിന്റെ കൂടാതെ അറബ്-ഇസ്രയേലി ജനപ്രതിനിധികളും സംഘത്തിന്റെ ഭാഗമാണ്. അധികാരം പങ്കുവയ്‌ക്കാമെന്ന വാഗ്ദാനം 57-കാരനായ ലാപിഡ് മുന്നോട്ടുവയ്‌ക്കുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള ആദ്യ ഊഴം 49 വയസുള്ള ബെന്നറ്റിന് നല്‍കാനാണ് സാധ്യത. തന്റെ പാര്‍ട്ടിയായ യമിനയിലെ അംഗങ്ങളുമായി ഞായറാഴ്ച നടത്തിയ യോഗത്തിനുശേഷം ബെന്നറ്റ് വ്യക്തമാക്കിയതിങ്ങനെ:’യയിര്‍ ലാപിഡുമായി ദേശീയ ഐക്യ സര്‍ക്കാരുണ്ടാക്കാന്‍ സാധ്യമായതെല്ലാം ഞാന്‍ ചെയ്യും’.
മാര്‍ച്ച് 23 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴുസീറ്റുകള്‍ യമിനയ്‌ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരംഗം നെതന്യാഹു വിരുദ്ധ ചേരിയിലേക്ക് മാറാന്‍ കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി നെതന്യാഹു ഇസ്രയേലിന്റെ പ്രധാനമന്ത്രി പദത്തില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: