ന്യൂയോര്‍ക്ക്: കോവിഡിന്റെ ഉത്ഭവം ലാബിലെ ചോര്‍ച്ചയാണോ എന്ന അന്വേഷണവുമായി സഹകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം ചൈന തള്ളിക്കളഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനും പഴിചാരലിനുമാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചു.
തെറ്റായ വിവരങ്ങള്‍ പ്രചിപ്പിച്ചതിന്റെ ഇരുണ്ട ചരിത്രമാണ് യുഎസ് ഏജന്സികള്ക്കുള്ളതെന്നും വീണ്ടും പഴിചാരലും ദുഷ്പ്രചാരണവും തുടങ്ങിയിട്ടുണ്ടെന്നും യുഎസിലെ ചൈനീസ് എംബസി പറഞ്ഞു.
ഇപ്പോള്‍ വീണ്ടും യുഎസ് വൈറസ് വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന ഗൂഡാലോചന സിദ്ധാന്തം കൊണ്ടുവരികയാണ്- ചൈനീസ് എംബസി പറഞ്ഞു. യുഎസ് ഇപ്പോഴും വസ്തുതകള്‍ കണക്കിലെടുക്കുന്നില്ല. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് യുഎസിന്റെ ലക്ഷ്യമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.
യുഎസ് ആര്‍മിയുടെ മേരിലാന്റിലുള്ള ബയോമെഡിക്കല്‍ ഗവേഷണ ലാബാണ് കോവിഡ് വൈറസിനെ ചൈനീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുത്തുന്നതെന്നും ഷാവോ പറഞ്ഞു.
ഇതോടെ ചൈനയും യുഎസും തമ്മില്‍ കോവിഡ് വൈറസിന്റെ ഉറവിടം സംബന്ധിച്ചുള്ള തര്‍ക്കം മുറുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: