ലുധിയാന: സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതികള്‍ക്കെതിരെ കര്ശനനിലപാടെടുത്തില്ലെന്ന് ആരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദുവാണ് ആദ്യം അമരീന്ദര്‍സിംഗിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
പഞ്ചാബിലെ ഫരിദ്കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ, 2015-ലുണ്ടായ കൊട്കാപുര വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ഇതിനുശേഷമാണ് അമരീന്ദ് സിംഗിനെതിരെ സിദ്ദു തിരിഞ്ഞത്. ഈ വെടിവയ്പിന് ഉത്തരവിട്ട ശിരോമണി അകാലിദള്‍ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പ്രകാശ്സിംഗ് ബാദലിനെ രക്ഷിക്കാന്‍ അമരീന്ദര്‍സിംഗ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഉപേക്ഷിക്കുന്നതിന് കാരണം അമരീന്ദര്‍സിംഗ് ബാദല്‍ മാരുമായി (പ്രകാശ്സിംഗ് ബാദവും അദ്ദേഹത്തിന്റെ മകന് സുഖ്ബീര്‍സിംഗ് ബാദലും) രഹസ്യധാരണ ഉണ്ടാക്കിയത് മൂലമാണെന്ന് നവജ്യോത് സിംഗ് സിദ്ദു ആരോപിച്ചിരുന്നു.
ഇപ്പോള്‍ പ്രശ്നത്തില്‍ പഞ്ചാബ് മന്ത്രി സുഖ്ജിന്ദര്‍ സിംഗ് റന്ധാവ, ചരണ്‍ജിത് സിംഗ് ചന്നി, അരുണ ചൗധരി എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരോടും എംഎല്‍എ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എകൂടിയായ അമര്ഗാര് സുര്‍ജിത് സിംഗ് ധിമാന്. ജലന്ധര്‍ കന്റോണ്‍മെന്റ് എംഎല്‍എ പാര്‍ഗത് സിംഗും അമരീന്ദര്‍സിംഗിനെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്തി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസ് തോല്ക്കുമന്നാണ് പര്‍ഗത് സിംഗിന്റെ വിമര്‍ശനം. ‘സുര്‍ജിത് സംിഗം ധിമാന് പറയുന്നത് ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയില്ല,’ പര്‍ഗത് സിംഗ് പറഞ്ഞു.2022ലാണ് പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
വിമത എംഎല്‍എമാരായ കാബിനറ്റ് മന്ത്രിമാര്കൂടിയായ ചരണ്‍ജിത് സിംഗ് ചന്നിയും സുഖ്ജിന്ദര്‍ സിംഗ് റന്ധാവയും പര്‍ഗത് സിംഗിന്റെ വീട്ടില്‍ അമരീന്ദര്‍ സിംഗിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ യോഗം ചേര്‍ന്നിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി ഹരീഷ് റാവത്ത് വിമതരുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിമതനേതാക്കളുടെ ആവശ്യം അംഗീകരിക്കാമെന്ന് ഹൈക്കമാന്റ് വാക്ക് നല്‍കിയതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: