ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ച ഇഷ ഫൗണ്ടേഷന് സ്ഥാപകന്‍ സദ്ഗുരു ജഗ്ഗിവാസുദേവിന് ചെറിയ വിജയം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത് വന്നതോടെയാണിത്.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള വകുപ്പിന്റെ മന്ത്രിയായ പി.കെ. ശേഖര്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഹിന്ദു റിലിജ്യന്‍ ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് (എച്ച്ആര്‍ ആന്റ് സിഇ) വകുപ്പിനാണ് ക്ഷേത്രങ്ങളുടെ ചുമതല. തമിഴ്നാട്ടിലുടനീളം ഏകദേശം 36,000 ക്ഷേത്രങ്ങളാണ് എച്ച്ആര്‍ ആന്റ് സിഇയുടെ നിയന്ത്രണത്തിലുള്ളത്. ഇതില്‍ മധുരൈ മീനാക്ഷി ക്ഷേത്രവും തഞ്ചാവൂര്‍ ബൃഹദീശ്വരാര് ക്ഷേത്രവും ഉള്‍പ്പെടുന്നു.
തമിഴ്നാട് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ജഗ്ഗി വാസുദേവ് സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള ചരിത്രപരമായ തീരുമാനം എന്നാണ് ജഗ്ഗി വാസുദേവ് ഇതിനോട് പ്രതികരിച്ചത്. തമിഴ്നാട്ടിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും എച്ച്ആര്‍ ആന്റ് സിഇയുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്നും അതത് ക്ഷേത്രങ്ങളുടെ പ്രാദേശികഭക്തര്ക്ക് ഇവയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കണമെന്നുമാണ് ജഗ്ഗി വാസുദേവ് ആവശ്യപ്പെട്ടത്. എങ്കിലേ ഈ ക്ഷേത്രങ്ങള്‍ രക്ഷപ്പെടൂ എന്ന അഭിപ്രായക്കാരനാണ് ജഗ്ഗി വാസുദേവ്. ജഗ്ഗിയുടെ ഈ തീരുമാനത്തെ അസംബന്ധം എന്നാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് പ്രതികരിച്ചത്.
പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണയ്ക്കുകയും മോദിയെ അംഗീകരിക്കുകയും ചെയ്യുന്ന ജഗ്ഗിവാസുദേവിനെ പുതുതായി അധികാരമേറ്റ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിന് ഇഷ്ടമല്ല. അധികാരമേറ്റെടുത്തയുടന്‍ തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന് ജഗ്ഗി വാസുദേവ് പ്രശസ്തിക്ക് പിന്നാലെ പോകുന്ന സന്യാസിയാണെന്നും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ വരവുചെലവ് കണക്കുകളില്‍ ക്രമക്കേടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജഗ്ഗി വാസുദേവിന് അനുകൂലമായി ട്വീറ്റ് ചെയ്ത ഹിന്ദു പത്രത്തിന്റെ ചെയര്‍പേഴ്സണായ മാലിനി പാര്ത്ഥസാരഥിയ്ക്കെതിരെയും പളനിവേല്‍ ത്യാഗരാജന് പ്രതികരിച്ചിരുന്നു. ഹിന്ദു പത്രം എന്ന ബ്രാന്റ് നശിക്കാതെ നിലനില്ക്കണമെങ്കില് മാലിനിയ്ക്ക് കൗണ്‍സലിംഗ് ആവശ്യമാണെന്ന് വരെ പളനിവേല്‍ ത്യാഗരാജന് പ്രസ്താവിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഈ ജഗ്ഗി വാസുദേവ് പ്രശ്നത്തില്‍ പളനിവേല്‍ ത്യാഗരാജനും മൗനം അവലംബിച്ചു തുടങ്ങിയിരിക്കുകയാണ്. അതുവരെ വാചാലനായിരുന്ന മന്ത്രി ഇപ്പോള്‍ മാധ്യമങ്ങളോട് ജഗ്ഗി വാസുദേവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് തമിഴ്നാട് ധനമന്ത്രി. ഡിഎംകെ സര്‍ക്കാര്‍ ജഗ്ഗി വാസുദേവിനോടുള്ള നീക്കം മയപ്പെടുത്തുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: