ലണ്ടന്‍: ഡയാന രാജകുമാരിയുമായുള്ള 1995ലെ വിവാദ അഭിമുഖത്തില്‍ ബിബിസിക്കും അഭിമുഖം നടത്തിയ മാധ്യമ പ്രവര്ത്തകന് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ബിബിസിയുടെ എഡിറ്റോറിയല്‍ ചട്ടലംഘനം ലംഘിച്ചുവെന്ന് മുതിര്‍ന്ന ജഡ്ജി ജോണ്‍ ഡെയ്സണ്‍ കണ്ടെത്തി. ബിബിസി പ്രൊഡ്യൂസര്‍ മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായാണെന്നാണ് അഭിമുഖം നടത്തിയത് എന്നാണ് കണ്ടെത്തല്‍.
അഭിമുഖം നടത്തിയ മാധ്യമ പ്രവര്ത്തകന് മാര്ട്ടിന് ബഷീര്‍ കുറ്റക്കാരനാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണ് മാര്ട്ടിന് ബഷീര്‍ അഭിമുഖം നടത്തിയത്. വിവാദ അഭിമുഖം ഡയാനയുടെ ജീവിതത്തെ സാരമായി ബാധിച്ചു. ഡയാനയുടെ സഹോദരനായ ഏള് സ്പെന്സറിനോട് നുണപറഞ്ഞാണ് മാര്ട്ടിന് ബഷീര്‍ ഡയാനയുടെ അഭിമുഖം തരപ്പെടുത്തിയത്.
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്കെതിരെ 38 വ്യാജ അവകാശവാദങ്ങള്‍ മാധ്യമ പ്രവര്ത്തകന് ഉന്നയിച്ചിരുന്നു. ഡയാനയുടെ ടെലഫോണ്‍ ചോര്‍ത്തി എന്നും, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവരെ നിരീക്ഷിച്ചുവെന്നും ബഷീര്‍ ഏള് സ്പെന്സറിനോട് പറഞ്ഞിരുന്നു. ഇതെല്ലാം അന്വേഷണ കമ്മീഷന് തള്ളി. കഴിഞ്ഞ വര്‍ഷം സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഏള് സ്പെന്‍സര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ സ്വാഗതം ചെയ്തു കൊണ്ട് വില്യം രാജകുമാരനും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യപരമായ കാരണങ്ങളാല്‍ ബഷീര്‍ ബിബിസിയില്‍ നിന്ന് രാജിവച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ വ്യാജ രേഖകള്‍ തയാറാക്കിയതില്‍ മാപ്പ് പറഞ്ഞുകൊണ്ട് ബഷീര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഈ വ്യാജ രേഖ ഉള്ളതുകൊണ്ടല്ല തനിക്ക് ഡയാന രാജകുമാരിയുടെ അഭിമുഖം ലഭിച്ചതെന്നും ബഷീര്‍ അവകാശപ്പെടുന്നു.
ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ് രാജകുടുംബത്തിന് ഇടിത്തീയായിരുന്നു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് 1995 ലെ അഭിമുഖത്തില്‍ ഡയാന പങ്കുവെച്ചത്. ഇതിന് പിന്നാലെ 1996 ല്‍ ഇരുവരും വിവാഹ മോചിതരായി. 1997 ല്‍ പാരിസ്സില്‍ വച്ച് ഡയാന ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതും വലിയ വിവാദമായിരുന്നു. അച്ഛന്റേയും അമ്മയുടേയും ജീവിതത്തെ തകര്‍ക്കുന്നതില്‍ ബിബിസി അഭിമുഖം വലിയ പങ്കുവഹിച്ചെന്ന് വില്യം രാജകുമാരനും ഹാരി രാജകുമാരനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: