ധര്‍മ്മടം: ധര്‍മടം കിഴക്കെ പാലയാട് ഒമ്പതാം വാര്‍ഡിലെ തീരദേശ മേഖലയിലെ അമ്പതോളം വീട്ടുകാര്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തില്‍. കിണറുകളില്‍ പുഴയിലെ ഉപ്പുവെള്ളം കയറി ശുദ്ധജലം ഉപയോഗ ശൂന്യമാകുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ധര്‍മടം പഞ്ചായത്തിന്റെ ഒരു ഭാഗം കടലും മൂന്ന് ഭാഗം പുഴയാല്‍ ചുറ്റപ്പെട്ടതുമാണ്. മഴക്കാലമായാല്‍ പുഴ കര കവിഞ്ഞെഴുകി ജനവാസ കേന്ദ്രമായ താഴ്ന്ന പ്രദേശങ്ങളില്‍ ഉപ്പ് വെള്ളം കയറുന്നത് പതിവാണ്.
പ്രദേശത്ത് പുഴയോര പാര്‍ശ്വസംരക്ഷണ ഭിത്തി കെട്ടിയും തടയണകള്‍ നിര്‍മ്മിച്ചും ഉപ്പു വെള്ളത്തെ തടഞ്ഞ് നിര്‍ത്തിയാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. പ്രദേശത്തെ നാട്ടുകാര്‍ നിരവധി തവണ പരാതിയുമയി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നത്തോട് പഞ്ചായത്ത് അധികൃതര്‍ മുഖം തിരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്നേ മുഴപ്പിലങ്ങാട്-മാഹി പുതിയ ബൈപ്പാസ് ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ബണ്ടുകളും താല്‍ക്കാലിക സംവിധാനങ്ങളും പൊളിച്ചുമാറ്റിയതിന് ശേഷമാണ് പ്രശനം രൂക്ഷമായത്. പൊളിച്ച ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കരാറുകാരോ പഞ്ചായത്ത് അധികൃതരോ ഇതുവരെയും തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പ്രദേശത്തെ ജനവാസ മേഖലയില്‍ മുഴുവന്‍ ഉപ്പുവെള്ളം കയറിരുന്നു. കോരിച്ചെരിയുന്ന മഴയത്ത് വാര്‍ഡ് മെമ്പര്‍ ദിവ്യ ചെള്ളത്തിന്റെയും ശ്രീനിവാസസേവാ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബണ്ട് കെട്ടി താല്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ അവഗണനയില്‍ പ്രദേശത്തെ കര്‍ഷകരടക്കം നാട്ടുകാര്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധത്തിലാണ്. അഞ്ച് ഏക്കറോളം വരുന്ന കൃഷിഭൂമി ് കഴിഞ്ഞ ദിവസങ്ങളില്‍ ഉപ്പ് വെള്ളം കയറി നശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവിടം ഉപ്പുവെള്ളം കയറി പല കൃഷി സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. നെല്‍കൃഷിയും, പച്ചക്കറി കൃഷിയും, ചെമ്മീന്‍ പാടവും, ഏക്കറോളം വരുന്ന ശുദ്ധജല സംഭരണിയും കടല്‍ വെളളം കയറി ഇല്ലാതായിരിക്കുകയാണ്. വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് ഉപ്പ് വെള്ളം വയലിലേക്ക് കയറുന്നത് തടയാനും കണ്ടത്തില്‍ വെള്ളം നിറഞ്ഞാല്‍ പുഴയിലേക്ക് ഒഴുക്കാനും അധുനിക രീതിയിലുള്ള തടയണകളോ വെന്റിലേറ്റര്‍ ക്രോസ്സ് ബാറോ സ്ഥാപിച്ച് ദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് വാര്‍ഡ് മെമ്പര്‍ ദിവ്യ ചെള്ളത്ത് ആവശ്യപ്പെട്ടു.
അധികൃതരുടെ പ്രദേശത്തോടുളള അവഗണനയ്ക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനുളള ശ്രമത്തിലാണ് നാട്ടുകാര്‍. മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ പ്രദേശത്തെ ജനങ്ങളോട് വര്‍ഷങ്ങളായി കാണിക്കുന്ന അവഗണനയില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരണത്തില്‍ നാട്ടിലാകെ വികസനം എത്തിച്ചുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ദുരവസ്ഥ ഇനിയെങ്കിലും ഭരണകൂടം കണ്ണു തുറന്നു കാണാന്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: