കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നതിന് മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ വലിയ തോതിലെത്തുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പാല്‍ എത്തുന്നത്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാലിന്റെ വില്‍പ്പന കുറഞ്ഞുവെന്ന ന്യായം പറഞ്ഞാണ് ഉച്ചയ്‌ക്കു ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിയത്. കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തിയെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വരവിന് കുറവൊന്നുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 20-30 രൂപ നിരക്കിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത്. സൊസൈറ്റികള്‍ വഴി പാല്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 38-40 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ വലിയ ലാഭമില്ലാത്തതാണ് കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
പുറത്ത് മാര്‍ക്കറ്റില്‍ 70 രൂപ പാല്‍ വിലയുള്ളപ്പോള്‍, കേവലം 40 രൂപ നിരക്കിലാണ് മില്‍മ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നത്. ക്ഷീര കാര്‍ഷിക മേഖല നിലനില്‍ക്കണമെന്ന ആഗ്രഹത്തിലാണ് നഷ്ടം സഹിച്ചും കര്‍ഷകര്‍ സൊസൈറ്റികള്‍ വഴി പാല്‍ വില്‍ക്കുന്നത്. മില്‍മ മലബാര്‍ മേഖലയില്‍ ദിവസവും 7,95,000 ലിറ്ററാണ് സംഭരണം. ഇതില്‍ പാലക്കാട്ടുനിന്നുളള 2.70 ലക്ഷം ലിറ്ററില്‍ 1.70 ലക്ഷം ലിറ്ററും നല്‍കുന്നത് ചിറ്റൂര്‍ മേഖലയില്‍ നിന്നാണ്. ഇതിന്റെ ഇരട്ടിയോളം പാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത്.
ഗുണനിലവാര പരിശോധനയില്ല
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നില്ല. പാല്‍ കയറ്റി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കടക്കുന്നത് യാതൊരു പരിശോധനയുമില്ലാതെയാണ്. വളരെ കുറഞ്ഞ വിലയില്‍ വാങ്ങുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാത്തതില്‍ ദുരൂഹത ഏറുകയാണ്. കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാലുമായി വരുന്ന വാഹനങ്ങള്‍ തടയാനാണ് ക്ഷീര കര്‍ഷകരുടെ തീരുമാനം.
പാല്‍ നശിക്കുന്നു
മില്‍മയുടെ പാല്‍ സംഭരണം ചുരുക്കിയതോടെ ക്ഷീരകര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ പാല്‍ ഒഴുക്കി കളയുകയായിരുന്നു. 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മുടക്കിയാണ് പശുക്കളെ വാങ്ങി വളര്‍ത്തുന്നത്. പലരും വലിയ തുക ലോണ്‍ എടുത്താണ് ഫാം നടത്തുന്നത്. മില്‍മയുടെ ഇപ്പോഴത്തെ നിലപാട് കര്‍ഷക വിരുദ്ധമാണ്.
ഉദയഭാനു
(നടുവട്ടം ക്ഷീരസഹകരണ സംഘം പ്രസിഡന്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: