പ്രാതഃസന്ധ്യയിലും സായംസന്ധ്യയിലും നിലവിളക്കു കൊളുത്തുന്ന വീട് എപ്പോഴും ഐശ്വര്യപൂര്‍ണമായിരിക്കും. അടിച്ചു തളിച്ച് വീട് വൃത്തിയാക്കിയ ശേഷമേ നിലവിളക്ക് കൊളുത്താവൂ.
ഒരിക്കലും നിലവിളക്കില്‍ ഒരു തിരി മാത്രമിട്ട് കത്തിക്കരുത്. എന്നാല്‍ രണ്ടു തിരികള്‍ ഒരുമിച്ചെടുത്ത് കൊളുത്താം. മൂന്ന്, അഞ്ച് തിരികളെടുത്തും വിളക്ക് തെളിയിക്കാം. മൂന്നെണ്ണമാണെങ്കില്‍ പടിഞ്ഞാറ്, വടക്ക്, കിഴക്ക് എന്നീ ദിക്കുകളിലേക്കായി തിരി കൊളുത്തണം. അഞ്ചു തിരിയിടുമ്പോള് നാലുദിക്കുകളിലേക്കും ഓരോന്നു വീതവും അഞ്ചാമത്തേത് വടക്കുകിഴക്ക് ദിശയിലേക്കുമായി കൊളുത്തി വയ്ക്കാം. ഒറ്റത്തിരിയിട്ട് വിളക്കു കൊളുത്തുന്നത് രോഗപീഡകള്‍ക്ക് കാരണമായേക്കും.
ഒരിക്കല്‍ നിലവിളക്കില്‍ ഉപയോഗിച്ച എണ്ണ, തിരികള്‍ കത്തിക്കഴിഞ്ഞ് ബാക്കിയിരുന്നാല് വീണ്ടുമതില്‍ തിരിയിട്ട് ഉപയോഗിക്കുന്നത് നല്ലതല്ല. കത്തിച്ച തിരി പൂര്‍ണമായും എരിഞ്ഞു തീര്‍ന്നില്ലെങ്കില്‍ വീണ്ടുമത് തെളിയിക്കാറുണ്ട് ചിലര്‍. അത് ശരിയല്ല. മറ്റൊന്നിലേക്ക് എണ്ണ മാറ്റിയെടുത്ത ശേഷം വിളക്ക് നന്നായി കഴുകിത്തുടച്ച് വൃത്തിയാക്കി, മാറ്റിവച്ച എണ്ണ വീണ്ടും അതിലേക്ക് പകര്‍ന്ന് തിരികത്തിക്കുന്നതില് തെറ്റില്ലെന്നും പറയപ്പെടുന്നു.
നിലവിളക്കില്‍ പകരാന്‍ ഏറ്റവും ഉത്തമമായത് നെയ്യാണ്. ശുദ്ധമായ വെളിച്ചെണ്ണയും എള്ളെണ്ണയും തിരികത്തിക്കാന്‍ എടുക്കാവുന്നതാണ്. കത്തുമ്പോള്‍ ഒരു പാട് പുക ഉയരുന്ന എണ്ണകള്‍ ഒഴിവാക്കണം. നിലവിളക്കില്‍ കരിന്തിരി കത്താതെ നോക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഒരിക്കലും നിലവിളക്ക് ഊതിക്കെടുത്തരുത്. കത്തുന്ന തിരി അതേ എണ്ണയിലേക്ക് താഴ്ത്തി കെടുത്താവുന്നതാണ്. അല്ലെങ്കില്‍ തിരിയിലേക്ക് അല്പം എണ്ണ കുടഞ്ഞും കെടുത്താം.
നിലവിളക്കിലെ തിരിയും വെളിച്ചവും ചൂടും ദേവീസാന്നിധ്യത്തെ സൂചിപ്പിക്കുന്നതായാണ് വിശ്വാസം. വിളക്കിലെ പ്രകാശം സരസ്വതീദേവിയുടെയും കത്തുന്ന നാളം ലക്ഷ്മീദേവിയുടെയും അതിന്റെ താപം പാര്‍വതീദേവിയുടെയും പ്രതീകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: