മനില: ദക്ഷിണ ചൈന കടലിലെ തര്‍ക്കപ്രദേശത്ത് നിന്നും കപ്പലുകള്‍ പിന്‍വലിക്കണമെന്ന ചൈനയുടെ ആവശ്യം തള്ളി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടെര്‍ടെ. ചൈനയുമായുള്ള അടുത്ത ബന്ധം ഉപേക്ഷിക്കാന്‍ രാജ്യത്തിനകത്ത് നിന്നും സമ്മര്‍ദ്ദമുയര്‍ന്ന സാഹചര്യത്തിലാണ് ഡ്യൂട്ടെര്‍ട്ടെ വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ അഭിസംബോധനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞങ്ങള്‍ക്ക് ഒരു നിലപാടുണ്ട്. അത് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. അവിടെയുള്ള ഞങ്ങളുടെ കപ്പലുകള്‍ ഒരിഞ്ചുപോലും പിന്നോട്ട് പോകില്ല,’ അദ്ദേഹം പറഞ്ഞു.
കപ്പലുകള്‍ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും ഡ്യൂട്ടെര്‍ടെ പറഞ്ഞു. ഇക്കാര്യത്തില്‍ ചൈനയുമായുള്ള ചങ്ങാത്തം നഷ്ടപ്പെട്ടാലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിട്ടു ദ്വീപുള്പ്പെടെ ഫിലിപ്പൈന്‍സിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പുതിയ കപ്പലുകള്‍ ഇറക്കി രാജ്യം ദക്ഷിണ ചൈനാകടലില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ചൈനയുടെ സൈനികസാന്നിധ്യമുള്ള ഇടമാണ് തിട്ടു ദ്വീപ്. ഇവിടെ നൂറുകണക്കിന് ബോട്ടുകളാണ് മാസങ്ങളായി ചൈന വിന്യസിപ്പിച്ചിരിക്കുന്നത്.
ഇവിടെ ഫിലിപ്പൈന്‍സ് കപ്പലുകള്‍ നടത്തിയ ചില സമുദ്രതീര സൈനികാഭ്യാസത്തെ ചൈന ചോദ്യം ചെയ്തിരുന്നു. സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ നിര്‍ത്താനും തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കരുതെന്നുമായിരുന്നു ചൈനയുടെ താക്കീത്. ‘നിങ്ങള്‍ എന്നെ കൊന്നാലും കപ്പലുകള്‍ പിന്‍വലിക്കില്ല,’- ഇതായിരുന്നു ഡ്യൂട്ടെര്‍ട്ടെയുടെ മറുപടി.
2016ലെ ദക്ഷിണ ചൈനാ സമുദ്രം സംബന്ധിച്ച മാധ്യസ്ഥതീരുമാനം ഫിലിപ്പൈന്‍സിന് അനുകൂലമായിരുന്നു. അത് ചൈനയെക്കൊണ്ട് സമ്മതിപ്പിക്കാന്‍ സാധിക്കാത്തതില്‍ ഡ്യൂട്ടെര്ട്ടെയ്ക്കെതിരെ രാജ്യത്തിനകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. അന്നത്തെ കരാര്‍ വെറുമൊരു കടലാസ് കഷ്ണം മാത്രമാണെന്നും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും എന്നുമുള്ള ഡ്യൂട്ടെര്‍ട്ടെയുടെ പ്രസ്താവനയുടെ പേരിലും അദ്ദേഹത്തിനെതിരെ രാജ്യത്തിനകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ 2016ലെ മാധ്യസ്ഥവിധിയെ താന്‍ അനുകൂലിക്കുന്നു എന്നായിരുന്നു ഡ്യൂട്ടെര്‍ട്ടെ അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: