പ്രവീണ്‍ ശങ്കരമംഗലം
സിറിയയിലേക്ക് ‘ആടുമേയ്ക്കല് മോഹവുമായി’ പോയവരെ കേള്‍ക്കുമ്പോളൊക്കെ ഓര്‍മ്മ വരുന്ന ഒരു പൂര്വസന്ദര്ഭമുണ്ട്. അത് പരിചയിക്കാന്‍ ഇടയാക്കിയത് മഹാനായ ഓ വി വിജയനും. അദ്ദേഹത്തെ ഏറെ (ദു:)സ്വാധീനിച്ച The God That Failed എന്ന, കമ്മ്യൂണിസ്റ്റ് വിരുദ്ധസമാഹാരത്തിലാണ് അത് വരിക. ഗതകാല കമ്മ്യൂണിസ്റ്റുകളുടെ ഇച്ഛാഭംഗങ്ങളുടെ ശേഖരം എന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതല്‍ പടിഞ്ഞാറന്‍ ലോകം ഏറെ ചര്‍ച്ച ചെയ്തതാണ് ആ കൃതി. അന്ന് ഏറെ പ്രശസ്തനായിരുന്ന കുലംകുത്തി(renegade) താത്വികന്‍ ആര്‍തര്‍ കോസ്ലര്‍, സോവിയറ്റ് യൂണിയന് എന്ന ‘Kingdom of God’þല്‍ എങ്ങനെയെങ്കിലും എത്തി അവിടുത്തെ കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിച്ചെങ്കിലും ജീവിക്കാന്‍, തന്റെ ബോള്‍ഷേ വിക്ക് പ്രണയത്തിന്റെ കൗമാര ചപലകാലത്ത് ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞിട്ടുള്ളതാണ് ആ സന്ദര്‍ഭം. ആ സദൃശം. തന്റെ ഡല്‍ഹി ജീവിതകാലത്ത് The God That Failed വായിച്ചിട്ടില്ലായിരുന്നെങ്കില്‍ ഒ.വി. വിജയന് സമ്പൂര്‍ണ്ണ ഇടത് പക്ഷപാതിയായി ജീവിച്ചുതീര്ക്കുമായിരുന്നു എന്നാണ് അദ്ദേഹം തന്നെ പറയാറ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍,’ ‘God That Failed മുതല്‍ അറച്ചും ഭയന്നും കമ്മ്യൂണിസത്തിന്റെ അധികാരവൈകല്യത്തെ മനസ്സിലാക്കാനുള്ള സാമഗ്രികള്‍ എനിക്ക് പരിചിതങ്ങളായി. പൊളിറ്റിക്കല്‍ സറ്റയറും കാര്‍ട്ടൂണും തൊഴിലായിക്കഴിഞ്ഞതോടെ ഈ പരിഹാസം എന്റെ പണിപ്പുരയിലെ ഏറ്റവും ആകര്‍ഷകമായ പണിയായുധമായി. ഒരു വിമതന് എന്ന നിലയ്ക്ക് എന്റെ പിറവിയെ ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.’ (കടപ്പാട്: ഇ എം എസ്: ഒരു ശ്രാദ്ധസമര്പ്പണം, ഓ വി വിജയന്റെ ലേഖനങ്ങള്‍, ഡി സി ബുക്സ്)
ആ വിമതത്വത്തില്‍ നിലപിടിപ്പ് നില്‍ക്കാത്ത അക്കാലത്തെ രാഷ്ട്രാന്തര കൂട നീതികളെ കണ്ടു മനസ്സിലാക്കിയ അദ്ദേഹം, ‘വസ്തുതകളെ അവയുടെ സ്വകീയമായ പാവനതയില്‍ അഭിവീക്ഷിക്കുക’ എന്ന ഋജുവായ പ്രമാണമൂലത്തെ അദ്ദേഹത്തിന്റെ വിശ്ലേഷണചര്യയുടെ കുന്തമുനയാക്കി കൂടുതല്‍ കരുത്തനായി. അത്തരം ഒരു പ്രക്രമണകാലത്താവണം അദ്ദേഹം ഇസ്രായേല്‍-പലസ്തീന് വിഷയത്തെയും ആഴത്തില്‍ അപഗ്രഥിക്കുന്നത്. ഒരു ഒന്നാം തരം ഇസ്രായേല്‍ പക്ഷക്കാരന്‍ ആകാന്‍, സമദര്‍ശിയായ ആദ്ദേഹത്തിന് ഒട്ടും അമാന്തം ഉണ്ടായില്ല. അക്കാലം അതാര്‍ക്കും രസിച്ചിരുന്നില്ല എന്നതിന് അദ്ദേഹം തന്നെ കുറിച്ച കാര്യങ്ങള്‍ എന്നത്തേയും തെളിവായി നില്‍ക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ ഇസ്രയേലിനോടുള്ള അനുതാപൂര്‍ണമായ എന്നാല്‍ തികച്ചും വസ്തുതാപരമായ ആകര്‍ഷണവും, പാലസ്തീനിനോടുള്ള വിയോജനവും ചര്‍ച്ച ചെയ്യപ്പെടാന്‍ അക്കാലം ഇവിടുത്തെ പത്രമാതാക്കള് ഓ വി വിജയനെ അനുവദിച്ചിരുന്നില്ല എന്ന കഠോര യാഥാര്‍ഥ്യം എണ്പ തുകളിലെ കേരളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം എഴുതുന്നതും വരയുന്നതും ആള്ക്കാര് വരിനിന്നു വാങ്ങുന്ന കാലത്തും ഇസ്രായേല്‍ വിഷയത്തില്‍ പാലസ്തീനിന് എതിരാകുന്ന ഒരു വിഷയസമീക്ഷ അന്നത്തെ കേരളമാധ്യമങ്ങള് ഒന്നും ആരും സഹിച്ചിരുന്നില്ല. അത്തരം ഒരു സന്ദര്‍ഭത്തെ സ്മരിച്ചുകൊണ്ട്, ‘രണ്ട് കൊല്ലം മുമ്പ് ഇസ്രയേലി പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇടയായി. ഇന്‍ഡ്യന്‍ എക്സ്പ്രപ്രസ് പത്രാധിപര്‍ക്ക് ഒരു കത്തും മലയാളത്തില്‍ ഒരു ലേഖനവും എഴുതാന്‍ ഞാന്‍ മുതിര്‍ന്നു. എന്നാല്‍ മലയാളത്തിലെ ലേഖനത്തിന് വിചിത്രമായ ഒരു സ്വീകരണമാണ് ലഭിച്ചത്. എന്റെ ലേഖനങ്ങള്‍ സ്വീകരിക്കാറുള്ള മാതൃഭൂമിയും മനോരമയും അവരുടെ വാരികകളും അനുബന്ധിച്ച മറ്റ് പ്രസിദ്ധീകരണങ്ങളും ലേഖനം തിരിച്ചയച്ചു’ എന്ന് അദ്ദേഹം അന്ന് പറഞ്ഞിട്ടുമുണ്ട്. (കാരണമായി അവര്‍ പറഞ്ഞത് ഗള്‍ഫ് നാടുകളില്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ പരക്കെ നിരോധിക്കപ്പെടും എന്നതായിരുന്നു.) ആ നിരാസമുണ്ടാക്കിയ അമര്‍ഷം അദ്ദേഹത്തിലെ വിരാഗിക്ക് മറച്ചു വയ്ക്കാന്‍ കഴിഞ്ഞുമില്ല. ‘മദ്ധ്യപൗരസ്ത്യദേശത്തിലെ ഏറ്റവും സജീവമായ ഒരു പ്രശ്നത്തെ തുറന്ന് ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ഒരു പ്രസിദ്ധീകരണവും തയ്യാറില്ല. അത്തരമൊരു ചര്‍ച്ചയുടെ പഠനാനുഭവം മലയാളിക്ക് നിഷേധ്യം. കടലിനക്കരെ വാണരുളുന്ന അറബി അവന്റെ പണത്തിന്റെ തേമ്പിലും അസഹിഷ്ണുതയിലും വര്‍ഗീയതയിലും മലയാളപത്രങ്ങളെ സെന്‍സര്‍ ചെയ്യുകയെന്ന അസഹനീയമായ അവസ്ഥ എന്റെ ദേശാഭിമാനത്തിന് നോവേല്‍പ്പിക്കുന്നു’ എന്ന് അദ്ദേഹം ആ കയ്പ്പിനെ അന്ന് വരഞ്ഞിട്ടു. (കുറിപ്പുകള്‍ 2, ഒ വി വിജയന്റെ ലേഖനങ്ങള്‍, ibid) അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിന് നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടി വരുമെന്ന നിലയില്‍ ഈ കൊച്ചു രാഷ്ട്രം രാപ്പകല്‍ തയ്യാറെടുപ്പില്‍ മുഴുകി. മനുഷ്യചരിത്രത്തിലെ അവിസ്മരണീയമായ സാധനകളില്‍ ഒന്ന്. ഏതോ പൗരാണിക സംഘര്‍ഷത്തില്‍ തുടങ്ങി രണ്ടായിരം കൊല്ലം നീണ്ടു നിന്ന ഐതിഹാസിക സമരം, നിലനില്‍പ്പിനുവേണ്ടി ആ രണ്ടായിരം കൊല്ലങ്ങളില്‍ ഉടനീളം പൊട്ടിപ്പൊടിഞ്ഞു നിന്ന രക്തസാക്ഷിത്വങ്ങള്‍.’ എന്നൊക്കെ എഴുതിയാല്‍ മാധ്യമപിതാക്കള് എങ്ങനെ നിഷേധിക്കാതിരിക്കും അദ്ദേഹത്തിന്റെ എഴുത്തിനെ! ഈ ഖണ്ഡം, അദ്ദേഹത്തിന്റെ മുമ്പ് സൂചിപ്പിച്ച ലേഖനസമാഹാരത്തിലെ അതിന്റെ തലക്കെട്ടില്‍ തന്നെ അദ്ദേഹത്തിന്റെ മതത്തെ നമുക്ക് നിരൂപണ ബുദ്ധ്യാ കാണാം. ‘….യഹൂദന്മാരോടുള്ള കടം മനുഷ്യവര്‍ഗത്തിന്റെ അത്രയും കടബാധ്യതയാണ്. തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നം വച്ച് നാം ഇവിടെ വളര്‍ത്തിക്കൊണ്ടുവന്ന ഇസ്രായേല്‍ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നു കഴിഞ്ഞു’ എന്നും കൂടി അദ്ദേഹം ഉറപ്പിക്കുന്നുണ്ട്, അവിടെ അതിന്റെ തുടര്‍ച്ചയില്‍.
ആ ഇസ്രയേല്‍ വിരുദ്ധ സാമൂഹികമനോനില അന്നത്തെ ഇന്‍ഡ്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഉണ്ടായി വന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം തന്നെ പല കുറിപ്പുകളില്‍ പറഞ്ഞിട്ടുമുണ്ട്. ‘എന്തുകൊണ്ടാണ് ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രത്തില്‍ നിന്ന് അകന്നു നില്ക്കുന്നതു എന്ന് സ്വയം ചോദിക്കാന്‍ നമ്മില്‍ ആരും മുതിര്‍ന്നിട്ടില്ല. കമ്മ്യൂണിസ്റ്റുകാര്‍ എതിരാവുന്നത് മനസ്സിലാക്കാം. അത് പാഠപുസ്തകത്തിന്റെ എതിര്‍പ്പാണ്. സോവിയറ്റ് യൂണിയന് ഇസ്രായേലിനെ എതിര്‍ക്കുന്നുവെങ്കില്‍ അത് റിയല്‍ പൊളിറ്റിക്സിന്റെ എതിര്‍പ്പും’ എന്നും, ‘ഇസ്രായേലിന്റെ സ്ഥാപനത്തെ പിന്താങ്ങിയത് ഒരുവേള സോവിയറ്റ് യൂണിയന് ആയിരുന്നെങ്കില്‍ ശേഷമുള്ള സ്ക്രിപ്റ്റിന്റെ രൂപം മറിച്ചാകുമായിരുന്നു’ എന്നും കമ്മ്യൂണിസ്റ്റ് നിലപാടിലെ അശ്ലീലത്തെ അപഹസിച്ചുകൊണ്ടു അദ്ദേഹം പറയുന്നു, പലവട്ടം. (മോഷെദയാന്റെ രഹസ്യസന്ദര്‍ശനം, ശയശറ). അറബികളുടെ എണ്ണസമ്പത്തും ഉഷ്ണജല തുറമുഖങ്ങളും സോവിയറ്റ് യൂണിയന്റെ അറബിപക്ഷപാതിത്വത്തില് രഹസ്യമായി പതിയിരിക്കുന്നത് ചൂണ്ടിക്കാണിക്കാനും നിര്‍ഭീകനായ അദ്ദേഹം മടിച്ചില്ല.
യാസര്‍ അരാഫത്ത് എന്ന നോബല്‍ സമ്മാനിതനായ പി എല്‍ ഓ നേതാവ് തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നെന്നും, സോവിയറ്റ് യൂണിയന് കെ ജി ബിയുടെ ബല്ശിഖയിലെ Special Operations Training School ല്‍ അയാളെയും സഹനേതാക്കളെയും. പരിശീലിപ്പിച്ചെടുത്തിട്ടുണ്ടെന്നും (കടപ്പാട്: Disinformation, Lt Gen. Ion Mihai Pacepa) അദ്ദേഹത്തിന് അക്കാലം അറിവുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും അദ്ദേഹം അത് പറഞ്ഞിട്ടില്ല. പക്ഷേ പ്രോട്ടോക്കോള്‍സ് ഓഫ് സിയോണ്‍ എന്ന നാസീ വ്യാജരേഖയെ കൊണ്ടുനടന്നു പ്രചരിപ്പിക്കുന്ന അറബ് കമ്മ്യൂണിസ്റ്റ് വന്യതയെ അദ്ദേഹം ചൂണ്ടിപ്പറയുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ ഇസ്രായേല്‍ വിരോധത്തില്‍ അദ്ദേഹം കാണുന്ന കാര്യങ്ങള്‍ രണ്ടാണ്: ‘എണ്ണയും മുസ്ലിം ന്യൂനപക്ഷ വോട്ടും. എന്നാല്‍ അതങ്ങനെ പുറത്തു പറയുന്നത് അശ്ലീലമാകുമല്ലോ. അശ്ലീലം ഒഴിവാക്കാന്‍ വേണ്ടി നാം സാമ്രാജ്യവിരുദ്ധത്തിന്റെ വായ്ത്താരി മുഴക്കുന്നു. ഇസ്രായേല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്; അറബി സഹോദരന്മാര് സാമ്രാജ്യത്വത്തിനെതിരായ ആഗോളസംഘര്ഷത്തില് നമ്മുടെ ഉടപ്പിറപ്പുകളാണ്,’ ‘മോഷെദയാന്റെ രഹസ്യസന്ദര്‍ശനം’ അങ്ങനെ തുടരുന്നു. (മോഷെദയാന്‍ ഒരു ഇസ്രയേലി നേതാവായിരുന്നു. അക്കാലം അദ്ദേഹം വാജ്പേയിജിയെ രഹസ്യമായി സന്ദര്‍ശി ച്ചത് വലിയ രാഷ്ട്രീയ വിഷയം ആവുകയും ചെയ്തിരുന്നു.)’അറബികളെ രാഷ്ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രായേലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന രാഷ്ട്രീയ നിരക്ഷരതയില്‍ ഇന്നും കുടുങ്ങിക്കിടക്കയാണ് ശരാശരി മലയാളി. ഈ അന്താരാഷ്ട്ര നിലപാടിനെ, സങ്കീര്‍ണ്ണ സംവാദങ്ങള്ക്ക്വിധേയമാക്കേണ്ടിയിരുന്ന ഒരാഗോളപ്രശ്നത്തെ, മലയാളി അവന്റെ പ്രാദേശിക വൈരുദ്ധ്യങ്ങളുമായി സമന്വയിപ്പിക്കുന്നു’ എന്ന ഇതിഹാസകാരന്റെ ഉക്തി ഈ വര്‍ത്തമാനകാലത്തും എത്ര പ്രസക്തം! എത്ര കാലികം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: