തൃശൂര്‍: കൊച്ചുകവിതകള്‍ കൊണ്ട് ആശയങ്ങളുടെ വലിയ ലോകം തീര്‍ത്ത കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മ്മയില്‍ ജന്മനാട്. ഇക്കുറി ലോക്ഡൗണായതിനാല്‍ ചടങ്ങുകളൊന്നുമുണ്ടായില്ല. സ്മാരക നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കവിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഇവിടെ ഇപ്പോഴും കാര്യമായ സംവിധാനങ്ങളൊന്നുമില്ല. കുഞ്ഞുണ്ണി മാഷുടെ 94ാമത് ജന്മദിനമായിരുന്നു ഇന്നലെ.
മരുമകള്‍ ഉഷയ്ക്ക് കവി കുഞ്ഞുണ്ണി മാഷ് സമ്മാനിച്ച വനമുല്ല ഇത്തവണയും മൊട്ടിട്ട് വിരിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കൊണ്ടുവന്ന് അതിയാരത്ത് വീടിന്റെ മുറ്റത്ത് കവി നട്ട വനമുല്ലയില്‍ വിടര്‍ന്ന ഓരോ പൂവും കുഞ്ഞുണ്ണി മാഷെകുറിച്ചുള്ള ഓര്‍മ്മകളാണ് വീട്ടുകാര്‍ക്ക്.ഇപ്പോള്‍ മരുമകളായ ഉഷയാണ് ഇവിടെ താമസം.
കുഞ്ഞുണ്ണിമാഷ് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും വലപ്പാട്ടേക്ക് താമസം മാറ്റിയതില്‍പ്പിന്നെ ജീവിതാന്ത്യം വരെ ഉഷ കൂട്ടിനുണ്ടായിരുന്നു.
കുഞ്ഞുണ്ണിമാഷുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി കവിയുടെ നാലാം ശ്രാദ്ധ ദിനത്തിലാണ് വനമുല്ല ആദ്യമായി മൊട്ടിട്ടത് എന്ന പ്രത്യേകതയുമുണ്ട്. അനുസ്മരണ സമിതികളും സാംസ്കാരിക സംഘടനകളും കുഞ്ഞുണ്ണിമാഷെ വിസ്മരിക്കുന്നതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ദുഖമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: