ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയില്‍ നിന്നു അണികളുടേയും നേതാക്കളുടേയും കൂട്ടരാജി. 234 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആര്. മഹേന്ദ്രനും രാജിവച്ചു. ഇത് കമല്‍ഹാസനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന് തന്റെ രാജി പ്രഖ്യാപിച്ചത്.
കോയമ്പത്തൂരിലെ സിങ്കനെല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു മഹേന്ദ്രന് മത്സരിച്ചത്. തോല്‍വിക്ക് ശേഷം പാര്‍ട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്നും കമല്‍ഹാസനെ ഒരു വിഭാഗമാളുകള്‍ തെറ്റായ പാതയിലാണ് നയിക്കുന്നതെന്നും ആരോപിച്ചായിരുന്നു രാജി.
മഹേന്ദ്രനെ ‘വഞ്ചകന്’ എന്ന് വിളിച്ചായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ഇദ്ദേഹത്തെ പുറത്താക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും കളകള്‍ സ്വയം എം.എന്‍.എമ്മില്‍ സ്വയം ഒഴിഞ്ഞുപോയതില്‍ സന്തോഷമുണ്ടെന്നും കമല്ഹാസന് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ് മക്കള്‍ നീതി മയ്യം രൂപവത്കരിച്ചത്. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നഗരങ്ങളില്‍ നല്ല പ്രകടനമാണ് പാര്‍ട്ടി കാഴ്ച വെച്ചത്. കോയമ്പത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച ആര്.മഹേന്ദ്രന് ഒന്നര ലക്ഷത്തോളം വോട്ടുകള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: