ആലപ്പുഴ: തീരദേശ മണ്ഡലങ്ങളായ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ പരമ്പരാഗത കോട്ടകളില്‍ ഇടതു പക്ഷത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാതെ പോയപ്പോഴും നേട്ടമായത് ലത്തീന്‍ സഭയുടെയും, മുസ്ലീം വിഭാഗത്തിന്റെയും ഉറച്ച പിന്തുണ.
ഈ നാലു മണ്ഡലങ്ങളിലെയും വോട്ട് നില പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അരൂരില്‍ സഭയുടെ താല്‍പ്പര്യപ്രകാരമാണ് സിപിഎം, സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന പ്രമുഖ നേതാക്കളെ പോലും മറികടന്നാണ് സിപിഎം ഇവിടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പ്രചാരണത്തിന്റെ തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ സഭാ നേതൃത്വം പാര്‍ട്ടിയുടെ നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രചാരണം ഊര്‍ജിതമാക്കിയത്. സഭ ആവശ്യപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ നന്ദി പ്രകടനം മറ്റു മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തുണയായി.
അരൂരില്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ലഭിക്കാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി. ചേര്‍ത്തലയില്‍ തീരദേശ പഞ്ചായത്തുകളായ ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളില്‍ ഇടതിന് വോട്ട് വര്‍ദ്ധിച്ചു. ആലപ്പുഴയില്‍ തീരദേശ പഞ്ചായത്തുകളായ മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളില്‍ ഇടതിന് നല്ല മേല്‍ക്കൈ ലഭിച്ചതും സഭയുടെ പിന്തുണയിലാണ്. ആലപ്പുഴ നഗരത്തില്‍ പിന്നില്‍ പോയിട്ടും നല്ല ഭൂരിപക്ഷത്തിന് ഇടതിന് ജയിക്കാനായതും സഭയുടെ പിന്തുണ ലഭിച്ചതിനാലാണ്.
അമ്പലപ്പുഴയിലും പുറക്കാട് ഒഴികെയുള്ള പഞ്ചായത്തുകളിലെല്ലാം ഇടതിന് വലിയ നേട്ടം ഉണ്ടാക്കാനായതും മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയിലാണ്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇടതുസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച ലത്തീന്‍ സഭ, പക്ഷെ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിലയുറപ്പിച്ചത് കൗതുകകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: