ചേര്‍ത്തല: മമ്മൂട്ടിയില്‍ തുടങ്ങി മോഹന്‍ലാലില്‍ അവസാനിച്ച മേള രഘുവിന് സിനിമ സമ്മാനിച്ചത് പണിതീരാത്ത വീടും കടങ്ങളും മാത്രം. മകളുടെ വിവാഹമെന്ന സ്വപ്നം ബാക്കിനിര്‍ത്തിയാണ് വെള്ളിവെളിച്ചവും ഫ്ളാഷ്ബാക്കുകളുമില്ലാത്ത ലോകത്തേക്ക് രഘു യാത്രയായത്. കഴിഞ്ഞ 16നാണ് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഘുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ സ്ഥിതി മോശമായതോടെ പാതിരപ്പള്ളി സ്വദേശിയുമായി നിശ്ചയിച്ചിരുന്ന മകള്‍ ശില്‍പ്പയുടെ വിവാഹം മാറ്റിവച്ചിരുന്നു. ആദ്യ ചിത്രത്തില്‍ നായകനായി രഘു ക്യാമറക്ക് മുന്നിലെത്തിയപ്പോള്‍ മമ്മൂട്ടി ആയിരുന്നു സഹനടന്‍. മമ്മൂട്ടി പിന്നീട് ജനപ്രിയ നായകനായപ്പോള്‍ താരപരിവേഷമില്ലാതെ രഘു വീട്ടിലൊതുങ്ങി. സിനിമാ മേഖലയില്‍ നാല് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച രഘു ചെറിയ വേഷങ്ങളിലാണ് പിന്നീട് അഭിനയിച്ചത്.
യാദൃച്ഛികമായാണ് രഘു സിനിമയിലെത്തിയത്. മേളയില്‍ മമ്മൂട്ടിക്കൊപ്പം തുടങ്ങി ഒടുവില്‍ മോഹന്‍ലാലിനൊപ്പം ദൃശ്യം രണ്ടില്‍ വരെ വേഷമിട്ടു. മുപ്പതോളം സിനിമകളിലാണ് അഭിനയിച്ചത്. നാടകത്തിലും സീരിയലിലും അഭിനയിച്ചെങ്കിലും ഉയരങ്ങളിലെത്താനായില്ല. കമലാഹാസന്റെ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയിലും രഘു വേഷമിട്ടു. സഞ്ചാരി, കാക്കോത്തികാവിലെ അപ്പൂപ്പന്താടികള്, ഒരു ഇന്ത്യന്‍ പ്രണയകഥ, അത്ഭുത ദ്വീപ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രഘുവിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. നടന് ശ്രീനിവാസന്റെ ഇടപെടലാണ് തുണയായത്.
സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന മേളയില്‍ പൊക്കം കുറഞ്ഞനായകനെ അണിയറ പ്രവര്‍ത്തകര്‍ അന്വോഷിക്കുന്നതിനിടയിലാണ്രഘുവിന്റെ രംഗപ്രവേശനം. ഫോട്ടോഗ്രാഫര്‍ രഘുവിന്റെ വിവിധ പോസിലുള്ള ഫോട്ടോ എടുത്തു. പിന്നീട് സംവിധായകനായ കെ.ജി. ജോര്‍ജ് രഘുവിനെ നായകസ്ഥാനത്തേക്ക് ഉറപ്പിക്കുകയായിരുന്നു.
ഗോവിന്ദന്‍കുട്ടിയെന്ന കേന്ദ്ര കഥാപാത്രമായി രഘുവും മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും വേഷമിട്ടു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു നായിക. സ്കൂള്‍, കോളേജ് തലങ്ങളില്‍ നാടകവും മിമിക്രിയും അവതരിപ്പിച്ചിരുന്ന രഘുവിന് ആദ്യ സിനിമ അത്ഭുതമായിരുന്നു. ദൂരദര്‍ശനിന്‍ അവതരിപ്പിച്ച വേലുമാലു സര്‍ക്കസിലും പധാനവേഷത്തിലെത്തി.രഘുവിന്റെ ചികിത്സയ്ക്ക് സഹായം തേടി സുഹൃത്തുക്കള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതിനിടെയാണ് രഘുവിന്റെ വിടവാങ്ങല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: