കൊല്‍ക്കത്ത: മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ മമതാ ബാനര്‍ജിക്ക് കൃത്യമായ സന്ദേശം നല്‍കി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ‘തെരഞ്ഞെടുപ്പിന് ശേഷം, വിവേകമില്ലാതെ നടത്തുന്ന ഭീകര അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് നമ്മുടെ ആദ്യ പരിഗണന. നിയമവാഴ്ച പുനഃസ്ഥാപിക്കാനുള്ള എല്ലാ അടിയന്തര നടപടികളും മുഖ്യമന്ത്രി എടുക്കുമെന്നാണ് എന്റെ പ്രതീക്ഷയത്രയും. മുഖ്യമന്ത്രിയായ എന്റെ ഇളയ സഹോദരി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉയരുമെന്ന എല്ലാ പ്രതീക്ഷയും എനിക്കുണ്ട്.’-ഒരുവശത്ത് മമതയെ നിര്‍ത്തിക്കൊണ്ട് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
‘പക്ഷപാതം മുന്‍നിര്‍ത്തിയുള്ള താത്പര്യങ്ങള്‍ക്ക് അതീതമായി താങ്കള്‍ ഉയരണം. താങ്കള്‍ പുതിയ ഭരണരീതി തയ്യാറാക്കുമെന്നും എനിക്കുറപ്പുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ വ്യാപക അക്രമമാണ് ബിജെപി, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ബംഗാളില്‍ നടക്കുന്നത്.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനാണ് ആദ്യ പരിഗണനയെന്ന് ഗവര്‍ണര്‍ക്ക് മുന്‍പ് സംസാരിച്ച മമതാ ബാനര്‍ജി പറഞ്ഞു. ക്രമസമാധാന പരിപാലനമായിരിക്കും രണ്ടാമത്തെ അജണ്ടയെന്നും അവര്‍ വ്യക്തമാക്കി. രാജ്ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. വെള്ള സാരിയും ഷാളും ധരിച്ചാണ് മമത സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്. മെയ് ഒന്‍പതിന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിൽ തുടർച്ചയായ മൂന്നാംവട്ടമാണ് മമത മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.
















