വ്രതാനുഷ്ഠാനങ്ങളില്‍ ദാമ്പത്യ സൗഖ്യത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് ഉമാമഹേശ്വര വ്രതം. വിവാഹ തടസ്സമുള്ളവര്‍ക്കും ഈ വ്രതമെടുക്കാം. ഭാദ്രപാദത്തിലെ വെളുത്ത വാവ് നാളിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. അന്ന് പാര്‍വതീപരമേശ്വരന്മാരെ പൂജിച്ചും ഭജിച്ചും കഴിയണം. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും കൈവരും.
വെളുപ്പിന് എഴുന്നേറ്റ് കുളികഴിഞ്ഞ് ഉമാമഹേശ്വര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. പ്രാര്‍ഥിക്കുന്നതിനൊപ്പം കൂവളമാലയും ധാരയും വഴിപാട് നടത്തുന്നത് ഉത്തമമാണ്. അന്ന് ഒരു നേരം മാത്രമേ അരി ഭക്ഷണം കഴിക്കാവൂ. കഴിയാവുന്നത്ര സമയവും പഞ്ചാക്ഷരി ജപിക്കണം. ഈ വ്രതം പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി നോല്‍ക്കണമെന്നാണ് വിധി.
ഉമാമഹേശ്വര വ്രതവുമായി ബന്ധപ്പെട്ട് പറയുന്നൊരു കഥയുണ്ട്.: കൈലാസത്തിലെത്തി തന്നെ വണങ്ങിയ ദുര്‍വാസാവ് മഹര്‍ഷിക്ക് പരമശിവന്‍ ഒരു കൂവള മാല സമ്മാനിച്ചു. അവിടെ നിന്ന് മടങ്ങുന്ന വഴി മഹര്‍ഷി വിഷ്ണുഭഗവാനെ കണ്ടു. ശിവന്‍ നല്‍കിയ മാല മഹര്‍ഷി, വിഷ്ണുവിന് നല്‍കി.
എന്നാല്‍ മഹാവിഷ്ണു അത് സ്വയം കഴുത്തിലണിയാതെ തന്റെ വാഹനമായ ഗരുഡന്റെ കഴുത്തില്‍ അണിയിച്ചു. മഹാദേവന്‍ നല്‍കിയ സമ്മാനത്തെ വിഷ്ണു അപമാനിച്ചതായി മഹര്‍ഷിക്കു തോന്നി.
ക്ഷിപ്രകോപിയായ ദുര്‍വാസാവ്, ഭഗവാനെ ശപിച്ചു. പത്‌നിയായ മഹാലക്ഷ്മി ഉള്‍പ്പെടെയുള്ള സൗഭാഗ്യങ്ങള്‍ നഷ്മാവട്ടെ എന്നായിരുന്നു ശാപം.
ഇതുകേട്ട് ദുഃഖിതനായ ഭഗവാന്‍ തനിക്ക് ശാപമോചപനം നല്‍കണമെന്ന് അപേക്ഷിച്ചു. ഉമാമഹേശ്വരന്മാരെ വ്രതമെടുത്ത് പ്രസാദിപ്പിച്ചാല്‍ നഷ്ടമായതെല്ലാം തിരികെ ലഭിക്കുമെന്ന് മഹര്‍ഷി പറഞ്ഞു. ഇതാണ് ഉമാമഹേശ്വര വ്രതത്തിന് ആധാരമായ കഥ.
















