ചങ്ങനാശ്ശേരി: പരിശോധന കിറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന മുടങ്ങി. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് കിറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് പരിശോധന മുടങ്ങിയത്.
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ 20 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. 20 പേര്‍ക്ക് മാത്രം ടോക്കണ്‍ നല്‍കുകയായിരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പരിശോധയ്ക്കുള്ള കിറ്റുകള്‍ വിട്ടു നല്‍കിയതോടെയാണ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ടെസ്റ്റിന് കിറ്റില്ലാത്ത അവസ്ഥ വരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. പരിശോധന മുടങ്ങിയതോടെ ലക്ഷണങ്ങളോടെ എത്തിയവരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ നിരവധി പേര് രാവിലെ ടെസ്റ്റ് നടത്താനാവാതെ മടങ്ങി.
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരുദിവസം 250 കിറ്റാണ് ആശുപത്രിയില്‍ ആവശ്യമായി വരുന്നത്. എന്നാല്‍ ഇന്നലെ ലഭിച്ചത് 183 കിറ്റായിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും ഇതു തന്നെയായിരുന്നു അവസ്ഥ. ആശുപത്രിയിലേയ്ക്കാവശ്യമായ കിറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശ്രമഫലമായി ജില്ലയിലെ മൊബൈല്‍ യൂണിറ്റില്‍ നിന്നും പരിശോധനാകിറ്റുകള്‍ കടമെടുത്ത് പരിശോധന നടത്തുകയായിരുന്നു.
തിങ്കളാഴ്ച നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ദിവസമായിരുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പരിശോധനയ്ക്ക് എത്തി. ഏറെ നേരം വരിയില്‍ നിന്നവര്‍ ഇരിക്കാന്‍ കസേരയില്ലാത്തതിനാല്‍ പരിശോധന കേന്ദ്രത്തിന് സമീപം തളര്‍ന്ന് കിടക്കുന്നതും കാണാമായിരുന്നു. ലഭിച്ച 183 കിറ്റുകള്‍ തീര്‍ന്നതോടെ ആര്‍ടിപിസിആര്‍ പരിശോധന മുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം 40 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. കിറ്റ് തീര്‍ന്നതോടെ വരിയില്‍ ഉണ്ടായിരുന്നവരെ ആന്റിജന്‍ പരിശോധന നടത്തി തിരിച്ചയക്കുകയായിരുന്നു. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ടാണ് കൂടുതല്‍ പേരും രോഗ സ്ഥിരീകരണത്തിന് ആര്‍ടിപിസിആര്‍ ടെസ്റ്റിനെ ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: