കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രശോഭിന്റെ വീട്ടിൽ നിന്നും ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
അതിനിടയിൽ കേസിലെ പത്താം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾ ഇന്നലെ തീയിട്ടു. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പിപി ജാബിർ കേസിലെ പത്താം പ്രതിയാണ്. വീടിന്റെ പിൻഭാഗം കത്തിനശിച്ചു. ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മുസ്ലീംലീഗാണെന്ന് സിപിഎം ആരോപിച്ചു.
ജാബിർ ഇപ്പോഴും ഒളിവിലാണ്. ജാബിറിനെക്കൂടാതെ പ്രതികളായ സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരും ഒളിവിലാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് വോട്ടെടുപ്പ് ദിവസം രാത്രിയാണ് പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: