തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ ഭിന്നത രൂക്ഷമാകുന്നു. വിഷുക്കണി ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കവും വിവാദവും പോലീസ് നടപടികളിലേക്ക്. ചെയര്‍മാനും അഡ്മിനിസ്ട്രേറ്ററും ഒരു ഭാഗത്തും ഭരണസമിതിയംഗങ്ങള്‍ എതിര് ചേരിയിലുമായാണ് പോര് മുറുകുന്നത്.പോരടിക്കുന്ന ചെയര്‍മാനും അംഗങ്ങളും സിപിഎം നോമിനികളാണ്.
കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി വിഷുക്കണി ദര്‍ശന സമയത്ത് ചുമതലയുള്ള ജീവനക്കാരൊഴികെ മറ്റാരും നാലമ്പലത്തിനകത്ത് കടക്കേണ്ടതില്ലെന്നായിരുന്നു ചെയര്‍മാനും അഡ്മിനിസ്ടേറ്ററും ചേര്‍ന്നെടുത്ത തീരുമാനം. ഭരണ സമിതി അംഗങ്ങളും പ്രവേശിക്കേണ്ടതില്ലെന്ന് പ്രത്യേകം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനമെടുത്ത യോഗത്തില്‍ത്തന്നെ ഭരണസമിതിയംഗങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു.
തീരുമാനം ലംഘിച്ച് നാലമ്പലത്തിനുള്ളില്‍ കടന്ന് വിഷുക്കണി ദര്‍ശനം നടത്തിയ ഭരണസമിതിയംഗങ്ങള്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി പോലീസില്‍ പരാതി നല്കി. ഭരണസമിതിയംഗങ്ങളായ കെ.അജിത്, കെ.വി. ഷാജി, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ക്ഷേത്രത്തില്‍ നടപ്പാക്കിയ കൊവിഡ് നിര്‍ദ്ദേശങ്ങളുടെ ലംഘനം, ഭരണസമിതിയുടെ തീരുമാനം ലംഘിക്കല്‍, ചുമതലയുള്ള ജീവനക്കാരുടെ നിര്‍ദേശം ലംഘിക്കല്‍ എന്നിവ ചൂണ്ടിക്കാണിച്ചാണ് അഡ്മിനിസ്ട്രേറ്ററുടെ പരാതി. തീരുമാനം ലംഘിക്കപ്പെട്ടതില്‍ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററില്‍ നിന്ന് അഡ്മിനിസ്ട്രേറ്റര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങാക്കുകയാണെന്നും പൊതുജനങ്ങള്‍ക്ക് ദര്ശനാനുമതിയില്ലെന്നുമുള്ള അഡ്മിനിസ്ട്രേറ്ററുടെ വാര്‍ത്താക്കുറിപ്പിനെതിരെ അഞ്ച് ഭരണസമിതിയംഗങ്ങള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. അതില്‍ രണ്ട് പേരാണ് നാലമ്പലത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയത്. ചെയര്മാന് കെ.ബി.മോഹന്‍ദാസും ഭരണസമിതിയംഗങ്ങളും തമ്മില്‍ മാസങ്ങളായി തുടരുന്ന പോര് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: