തിരുവനന്തപുരം: പാര്‍ട്ടിക്കു വേണ്ടി പൊതുവേദികളിലും ടിവി ചാനലുകളിലും നിലപാടുകളുമായി എത്തിയിരുന്നു യുവനേതാക്കളായ കെ.കെ.രാഗേഷിനേയും എ.എ.റഹീമിനേയും രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വെട്ടിയതോടെ സിപിഎമ്മിനുള്ളില്‍ തെളിയുന്നത് പിണറായി വിജയന്റെ അപ്രമാദിത്വം. തന്റെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, കണ്ണൂരില്‍ നിന്നുള്ള നേതാവും സിപിഎം സംസ്ഥാന സമിതി അംഗവുമായ വി.ശിവദാസനും രാജ്യസഭയിലേക്ക് എത്തുന്നതിന് പിന്നിലെ നിര്‍ദേശം പിണറായി വിജയന്റേത് മാത്രമായിരുന്നു. ദേശാഭിമാനിയുടെ ജനറല്‍ എഡിറ്ററും റസിഡന്റ് എഡിറ്ററുമായി കെ. മോഹനന് മാത്രമാണ് പാര്‍ട്ടി മാധ്യമങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് സിപിഎം നിയോഗിച്ച് ഒരേ ഒരു വ്യക്തി. വര്‍ഷങ്ങളോളം പാര്‍ട്ടിക്കു വേണ്ടിയും ദേശാഭിമാനിക്കു വേണ്ടിയും പ്രവര്‍ത്തിച്ച പരിചയസമ്പത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, സിപിഎമ്മിനു വേണ്ടി സജീവ രംഗത്തുള്ള നിരവധി നേതാക്കളെ തള്ളിയാണ് ജോണ്‍ ബ്രിട്ടാസിനു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ഇതു വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വിഷയമാകും.
ദല്‍ഹിയില്‍ പാര്‍ട്ടി പരിപാടികളിലെ സജീവ മുഖമായിരുന്ന കെ.കെ. രാഗേഷിന് രണ്ടാംതവണ കൂടി അവസരം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റര്‍ ഓടിച്ച് ഇടതുനേതാക്കളോടൊപ്പം ദല്‍ഹി സമരത്തിലും രാഗേഷ് സജീവമായിരുന്നു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീമിനെ രാജ്യസഭയിലേക്ക് അയക്കാനാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള വി.ശിവദാസനെ തീരുമാനിക്കാന്‍ പിണറായി വഴി കണ്ണൂര്‍ ലോബി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തവണം എളമരം കരീമിനു വേണ്ടി മാറി നിന്ന് ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പ്, കിസാന്‍ സഭ ജോയിന്റ് സെക്രട്ടറയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായി വിജു കൃഷ്ണന്, പി. ജയരാജന്, പി.സതീദേവി, എ. സമ്പത്ത്, രാജു എബ്രഹാം എന്നീ നേതാക്കളുടേയും പേരുകള്‍ സാധ്യത പട്ടികയില്‍ ഉയര്‍ന്നു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: