ന്യൂദല്‍ഹി: ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ കമാന്‍ഡര്‍മാരോട് ആഹ്വാനം ചെയ്തു. കിഴക്കന്‍ ലഡാക്കിലെ പെട്ടെന്നുള്ള സംഭവവികാസങ്ങളോട് സമയബന്ധിതവും ഉചിതവുമായ പ്രതികരണം ഉറപ്പാക്കിയതിന് അദ്ദേഹം വ്യോമസേനയെ അഭിനന്ദിച്ചു. ന്യൂദല്‍ഹിയില്‍ വ്യോമസേനാ ആസ്ഥാനത്തു ഇന്ന് നടന്ന വ്യോമസേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാമാരിയെക്കുറിച്ച് സംസാരിക്കവെ മറ്റ് ഗവണ്മെന്റ് ഏജന്‍സികളെ അവരുടെ ചുമതലയില്‍ സഹായിക്കുന്നതില്‍ വ്യോമസേന വഹിച്ച പങ്കിനെ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ‘സ്വാശ്രയത്വം’ എന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചുകൊണ്ട്, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളില്‍ ആത്മനിര്‍ഭരതയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. തദ്ദേശീയ പ്രതിരോധ ഉല്പാദനത്തിലും വിമാന പരിപാലനത്തിലും കൂടുതല്‍ മികച്ച ഫലങ്ങള്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് അദ്ദേഹം കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു.
തദ്ദേശീയ വ്യവസായത്തിനുള്ള വ്യോമസേനയുടെ പിന്തുണ ഈ മേഖലയിലെ എംഎസ്എംഇകളുടെ വികസനത്തിന് കാരണമാകും, അത് രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും സാമൂഹികസാമ്പത്തിക വികസനത്തിനും ഒരേസമയം സഹായിക്കുമെന്നു പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
സംയോജിത കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്കിയ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംയോജന പ്രക്രിയ, സംയുക്ത ലോജിസ്റ്റിക് പദ്ധതി നടപ്പിലാക്കല്‍, സംയുക്ത ആസൂത്രണ, പ്രവര്‍ത്തന മേഖലകളില്‍ ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ശക്തവും തന്ത്രപ്രധാനവുമായ എയ്റോസ്പേസ് ഫോഴ്സ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. സമ്മേളനത്തില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ വ്യോമസേനയുടെ പോരാട്ട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യ രക്ഷാ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമ്മേളനം നാളെ സമാപിക്കും. നിലവിലെ പോരാട്ട ശേഷി ശക്തിപ്പെടുത്തുന്നതിന്റെ നിലയും വ്യോമസേനയെ ഭാവിയില്‍ സുസജ്ജമായ പോരാട്ട സേനയാക്കാനുള്ള കര്‍മപദ്ധതിയും പരിശോധിക്കും. എല്ലാ മേഖലകളിലും കൂടുതല്‍ കാര്യക്ഷമമായ പ്രക്രിയകള്‍ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍, പരിഷ്കാരങ്ങള്‍, പുന സംഘടന എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രവര്‍ത്തന പരിശീലനവും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: