ന്യൂദല്‍ഹി: റഷ്യയുടെ കൊവിഡ് വാക്സിന് സ്പുട്നിക് 5ന് അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് കീഴിലുള്ള വിദഗ്ധ സമിതിയാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐയുടെ അനുമതി ലഭിക്കുന്നതോടെ ഇന്ത്യയില്‍ സ്പുട്നിക് 5ന്റെ വിതരണം ആരംഭിക്കും. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് റഷ്യയുടെ സ്പുട്നിക് 5.
രാജ്യത്ത് ഡോ. റെഡ്ഡീസ് ലബോറട്ടറിയിലാണ് സ്പുട്നിക് 5 നിര്‍മിക്കുന്നത്. വാക്സിന് അനുമതി തേടി കഴിഞ്ഞ ദിവസം റെഡ്ഡീസ് ലബോറട്ടറി വിദഗ്ധ സമിതിയെ സമീപിച്ചിരുന്നു.
സെപ്തംബറിലാണ് രാജ്യത്ത് സ്പുട്നിക് 5ന്റെ പരീക്ഷണം ആരംഭിച്ചത്. ഇത് വിജയകരമായിരുന്നുവെന്ന് റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേരത്തേ ഡിസിജിഐ ആവശ്യപ്പെട്ടിരുന്നു.
രാജ്യാന്തര വിപണിയില്‍ 10 ഡോളറാണ് സ്പുട്നിക് അഞ്ചിന്റെ രണ്ട് ഡോസിന് വിലയെന്നാണ് വിവരം. നിലവില്‍ രണ്ട് വാക്സിനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിര്‍മിക്കുന്ന ഓക്സ്ഫഡ്-ആസ്ട്രസെനെകയുടെ കൊവിഷീല്‍ഡ്, ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കൊവാക്സിന് എന്നിവയാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: