കണ്ണൂര്‍ : കൂത്തുപറമ്പ് മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നടപടികള്‍ ഏകപക്ഷീയമെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സമാധാന യോഗം വിളിച്ചത്.
സമാധാന ശ്രമങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണ്. പക്ഷെ അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നാട്ടുകാര്‍ പിടികൂടി നല്കിയ പ്രതിയെ മാത്രമാണ് പോലീസിന് പിടിക്കാന്‍ സാധിച്ചത്. മറ്റ് പ്രതികള്‍ക്കായി ശക്തമായ അന്വേഷണം നടത്തുന്നില്ല. ഇവരെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. എസ്എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചിട്ടില്ല.
മന്‍സൂറിന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണ്. ക്രമസമാധാന നില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പോലീസിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: