ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരുന്നമാസം പത്ത് പുതിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തും. ഇതോടെ സേനയുടെ പക്കലുള്ള ഈ വിമാനങ്ങളുടെ എണ്ണം 21 ആകും. അംബാല കേന്ദ്രമായുള്ള നമ്പര്‍ 17 സ്ക്വാഡ്രണിന്റെ ഭാഗമായി നിലവില്‍ 11 റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. മൂന്ന് റഫാല്‍ യുദ്ധവിമാനം രണ്ടു, മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിച്ചേരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
ഫ്രാന്‍സില്‍നിന്ന് നേരിട്ട് പറന്ന് എത്തുന്ന വിമാനങ്ങള്‍ യാത്രാമധ്യേ സൗഹൃദരാജ്യത്തിന്റെ വ്യോമസേനയുടെ സഹായത്തോടെ ഇന്ധനം നിറയ്ക്കും. ഏഴു-എട്ട് വിമാനങ്ങളും അതിന്റെ ട്രെയിനര്‍ വേര്‍ഷനും അടുത്തമാസത്തിന്റെ രണ്ടാം പകുതിയില്‍ ലഭിക്കുമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സില്‍നിന്ന് എത്തുന്ന യുദ്ധവിമാനങ്ങള്‍ക്ക് അംബാലയിലായിരിക്കും താവളമൊരുക്കുക.
പിന്നീട് ഇതില്‍ ചിലത് ഹാഷിമാരയിലേക്ക് അയയ്ക്കും. 2016 സെപ്റ്റംബറിലാണ് 36 യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ത്യ ഫ്രാന്‍സിന് ഓര്‍ഡര്‍ നല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ 18-ലധികം വിമാനങ്ങള്‍ ഇന്ത്യയിലെത്തും. 2020 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി തുടങ്ങിയത്. അധികം വൈകാതെ ഇവ ഉപയോഗിച്ചു തുടങ്ങി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലും മറ്റ് സ്ഥലങ്ങളിലും വിമാനങ്ങള്‍ നിരീക്ഷണത്തിനായി വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: