തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അംസബന്ധ നാടകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഈ വിവരക്കേടിനെ തെരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രചാരണ സ്റ്റണ്ട് മാത്രമായി കണ്ടാല്‍ മതിയെുന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതികള്‍ കോടതി മുമ്പാകെ നല്‍കിയിട്ടുള്ളത്. – രമേശ് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷന് ഓഫ് ഇന്‍ക്വയറീസ് ആക്ട് പ്രകാരം ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. തീര്‍ത്തും യുക്തിരഹിതവും അപഹാസ്യവുമാണ് ഈ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെ താവളമായി മാറിയത് ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. ഈ കേസില്‍ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വലംകൈയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കോടതിക്ക് മുന്‍പാകെ കൊടുത്ത മൊഴിയാകട്ടെ മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതുമാണ്. ഈ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അപഹാസ്യമാണ്- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: