സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് മൊഴി നല്കിയവര് ഏറെയുണ്ട്. സരിത്ത് പി.എസ്., സന്ദീപ് നായര്‍, എം. ശിവശങ്കര്‍ തുടങ്ങി പത്തിലേറെ പ്രധാന പ്രതികളുടെയോ സാക്ഷികളുടെയോ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, സ്വപ്നയുടെ മൊഴി അവിശ്വസനീയമെന്നും തല്ലിപ്പറയിച്ചതെന്നും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും എന്തുകൊണ്ട് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. അതിന് മറുപടിയാണ് ഇതാദ്യമായി അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലൂടെ പുറത്തുവരുന്നത്.
വിശ്വസ്തനെന്നും വിശുദ്ധനെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ച് പ്രസ്താവിച്ച, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപാടുകളെക്കുറിച്ച്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധങ്ങളെക്കുറിച്ച്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെക്കുറിച്ച് സ്വപ്ന പ്രഭാ സുരേഷ് എന്ന സ്വപ്ന സുരേഷ്, 2020 നവംബര്‍ 10 ന്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ നല്കിയ മൊഴിയില്‍ പറയുന്നതിങ്ങനെ:
(സ്വപ്നയും ശിവശങ്കറും തമ്മലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍)
- കേശവദാസ് അമേരിക്കയിലുള്ള വ്യവസായിയാണ്. അദ്ദേഹത്തിന് എയര്‍ വി ലാബ് എന്ന കമ്പനിയുണ്ട്. ശിവശങ്കറിന്റെ ഉറ്റ ചങ്ങാതിയാണ്. അവരുടെ ഉല്‍പ്പന്നം യുഎഇ വിപണിയില്‍ വില്‍ക്കുന്നതിന് ബിസിനസ് ഇടപാടുണ്ടാക്കാന് യുഎഇ കോണ്‍സല്‍ ജനറലിനെ കാണാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് ശിവശങ്കര്‍ പറഞ്ഞു. അങ്ങനെ എയര്‍ വി ലാബിന്റെ പ്രതിനിധിയായ ചിന്മയിയും തിരുവനന്തപുരം ടെക്നോ പാര്‍ക്ക് സിഇഒ. ഗോപിനാഥും ചേര്‍ന്ന് കോണ്‍സല്‍ ജനറലിനെ വീട്ടില്‍ പോയി കണ്ടു. ശിവശങ്കറിന് എയര്‍ വി ലാബില്‍ നേരിട്ടല്ലാതെ പ്രതിനിധിവഴി പങ്കാളിത്തമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കേശവദാസിന് അറിയാം. ചാറ്റില്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞ യുഎഇ ഇടപാട് ഇതെക്കുറിച്ചാണ്.
- സ്പ്രിങ്ക്ളര്‍ ഇടപാട് ഐടി സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ്. അമേരിക്കന്‍ കമ്പനിയുമായി കൊവിഡ് കാലത്ത് കേരള സര്‍ക്കാര്‍ ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പങ്കുവെക്കുന്നതായിരുന്നു വിഷയം. അതിന്റെ ഇടപാടുകാര്‍ ആരാണെന്നത് അദ്ദേഹത്തിന് മാത്രമേ അറിയൂ. പക്ഷേ ആ ഇടപാടില്‍ കൈയോടെ പിടിക്കപ്പെടുമെന്ന് നല്ല ഭയമുണ്ടായിരുന്നു.
- എസ്ബിഐയില്‍ ബാങ്ക്ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതിലെ നിക്ഷേപവും പിന്‍വലിക്കലും സംബന്ധിച്ച എല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി, കരാറുകാരായ യുണിടാക് കമ്പനിയില്‍നിന്ന് എനിക്ക് കോഴ ലഭിച്ച കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. അതിനാ
- ല്‍ കൂടുതല്‍ അതില്‍ ഇടപെടേണ്ടെന്ന് എന്നോട് പറഞ്ഞു. കാരണം, ഞാന്‍ കുടുങ്ങിയാല്‍ അദ്ദേഹവും അപകടത്തിലാകുമെന്ന് അറിയാമായിരുന്നു.
- ലൈഫ് മിഷനും കെ ഫോണും സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം കൈമാറിയിരുന്നു. ലൈഫ് മിഷന് ക്വട്ടേഷന്‍ കാര്യം പെന്നാര്‍ ഇന്‍ഡസ്ട്രീസിനും മിറ്റ്സുമി ഹൗസിങ് കമ്പനിക്കും കൈമാറി. പ്രതിഫലം സംബന്ധിച്ചും ഫോണില്‍ ചര്‍ച്ച നടത്തി. കെ ഫോണ്‍ കാര്യങ്ങള്‍ നോക്കിയിരുന്നത് ഭാരത് ഇലക്ട്രിക്സ് ആണ്. എന്നാല്‍ എല്ലാ കാര്യവും കൈകാര്യം ചെയ്തിരുന്നത് ബെംഗളൂരുവിലെ എസ്ആര്‍ഐടി ഇന്ത്യ എന്ന കമ്പനിയാണ്. എസ്ആര്‍എടിയുമായി ചില ഉപകരാറുകള്‍ സംബന്ധിച്ചും പ്രതിഫലത്തെക്കുറിച്ചും ചര്‍ച്ച നടത്തി.
- കൊച്ചിയിലെ സ്മാര്‍ട് സിറ്റി പ്രോജക്ട് വൈകാന്‍ കാരണം അറിയില്ല. എനിക്ക് അതിലെ പങ്കാളിത്തം ദുബൈ സ്മാര്‍ട്സിറ്റി പ്രോജക്ടിലെ ഡയറക്ടര്‍മാരെയും കേരള മുഖ്യമന്ത്രിയേയും എം. ശിവശങ്കറിനേയും യുഎഇ കോണ്‍സല്‍ ജനറല്‍ വഴി ബന്ധിപ്പിച്ചു കൊടുക്കുക മാത്രമായിരുന്നു. അതില്‍നിന്ന് എനിക്ക് ലാഭം ഒന്നും കിട്ടിയില്ല, സല്‍പ്പേരുമാത്രം.
- തിരുവനന്തപുരം ടെക്നോ പാര്‍ക്കിനടുത്താണ് ടൗറസ് ഡൗണ്‍ പദ്ധതി. അമേരിക്കന്‍ കമ്പനിയായ ടൗറസ് ഇന്‍വസ്റ്റ്മെന്റ് ഹോള്‍ഡിങ്സും ബെംഗളൂരുവിലെ എംബസി ഗ്രൂപ്പും കൊച്ചിയിലെ അസറ്റ് ഹോംസും പങ്കുചേര്‍ന്നുള്ളതാണ്. ടൗറസിലെ ഒരു ഡയറക്ടര്‍ കൈലാസ് ചന്ദ്ര ജോഷിയുമായാണ് ശിവശങ്കറിന്റെ ബന്ധം.
- യുഎഇ കോണ്‍സുലേറ്റില്‍ എന്തു നടന്നാലും ശിവശങ്കറിന്റെ സംഘത്തിനറിയാമായിരുന്നു. സ്വര്‍ണക്കടത്തും ഇലക്ട്രോണിക്സ് സാധനങ്ങളുടെ കടത്തും ഉള്‍പ്പെടെ കോണ്‍സല്‍ ജനറല്‍ ഖാലിദ് അറിഞ്ഞു നടന്ന എല്ലാ ഇടപാടുകളും ശിവശങ്കറും അറിഞ്ഞു. സ്വര്‍ണക്കടത്തിലൂടെ ഞാന്‍ പണമൊന്നും ഉണ്ടാക്കിയിട്ടില്ല. പണമിടപാടു മുഴുവന്‍ സരിത്താണ് ചെയ്തത്.
- മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു ശിവശങ്കറിന്റെ ടീം. അവരുടെ പേരുകള്‍ എനിക്കറിയില്ല. സി.എം. രവീന്ദ്രന്, പുത്തലത്ത് ദിനേശ്, ഷാജി ഗോപിനാഥ് (സ്റ്റാര്‍ട് അപ് മിഷന് സിഇഒ), റെസി ജോര്‍ജ് എന്നിവരുടെ പേരുകള്‍ കേട്ടിട്ടുണ്ട്.
- ശിവശങ്കറും യുണിടാക് എംഡി. സന്തോഷ് ഈപ്പനും തമ്മില്‍ എത്രവട്ടം കൂടിക്കണ്ടിട്ടുണ്ടെന്ന് അറിയില്ല. അവര്‍ ഫോണിലും വാട്സ്ആപ്പിലും നിരന്തര സമ്പര്‍ക്കത്തിലായിരുന്നു. എന്റെ സഹായത്തോടെ സന്തോഷ് ഈപ്പനെ വിവിധ ലൈഫ് പദ്ധതികളിലും കെ ഫോണ്‍ പദ്ധതിയിലും ഉള്‍പ്പെടുത്താന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു. ഒരു കോടി രൂപ ഖാലിദ് എനിക്ക് കൈമാറി, അത് വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റ്- ലൈഫ് മിഷന് പദ്ധതിയില്‍ ശിവശങ്കറിനുള്ള കോഴയായിരുന്നു. അത് പിന്നീട് ഫെഡറല്‍ ബാങ്കിന്റെ ലോക്കറില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്തു.
- വിദേശത്തുനിന്ന് എനിക്ക് ചരക്കു വന്നപ്പോള്‍ കൈപ്പറ്റാന്‍ മൂന്നോ നാലോ തവണ ശിവശങ്കര്‍ എയര്‍പോര്‍ട്ട്- കസ്റ്റംസ് അധികൃതരുമായി സംസാരിച്ചു. എനിക്ക് സാമ്പത്തികമായി സഹായമൊന്നും ഉണ്ടായിട്ടില്ല.
- ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണോ പ്രവര്‍ത്തിച്ചിരുന്നതെന്ന് എനിക്ക് ഉറപ്പില്ല.
- – നയതന്ത്ര ബാഗുകള്‍ വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ ഞാന്‍ സഹായിച്ചിരുന്നത് ശിവശങ്കറിന് അറിയാമായിരുന്നു.
2020 ഡിസംബര്‍ 14 ന് സ്വപ്ന നല്കിയ മൊഴിയില്‍നിന്ന്
സ്വയം വിരമിച്ച ശേഷം എയര്‍ വി ലാബില്‍ പങ്കുചേര്‍ന്ന് ഗള്‍ഫില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചതായി ശിവശങ്കര്‍ പറഞ്ഞിരുന്നു. അതിന് എയര്‍ വി ലാബിനെ കേരളത്തിലെ സ്റ്റാര്‍ട് അപ്പ് ആയി രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പറഞ്ഞു. അമേരിക്കയിലേതിനേക്കാള്‍ ചെലവു കുറച്ച് ഇവിടെ ഇലക്ട്രോണിക് സാധനങ്ങള്‍ നിര്‍മിക്കുകയായിരുന്നു പദ്ധതി. നയതന്ത്ര മാര്‍ഗം ഈ വസ്തുക്കള്‍ അയയ്ക്കാനായിരുന്നു പരിപാടി. കോണ്‍സല്‍ ജനറലുമായി പങ്കാളിത്ത ഇടപാടായിരുന്നു ആലോചന.
- ശിവശങ്കറിന് എയര്‍ വി ലാബ്സ്, കൊകോണിക്സ് ലാപ്ടോപ്, ജന്‍ റോബോട്ടിസക്സ് തുടങ്ങിയവയില്‍ ഓഹരി ഉണ്ട്. അതിനാലാണ് എന്നോട് ഏതെങ്കിലുമൊന്നില്‍ ചേരാന്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: