കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനും ഹിന്ദുക്കളെ കബളിപ്പിക്കാനും ഇടതു സര്‍ക്കാരിന്റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഈ കള്ളക്കളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ശബരിമല വിഷയത്തിന് പ്രസക്തിയില്ലെന്നും സത്യവാങ്മൂലം തിരുത്തണോയെന്ന് കേസ് വരുമ്പോള്‍ പറയാമെന്നുമാണ് പിണറായി പറഞ്ഞത്. സത്യവാങ്്മൂലം തിരുത്തില്ലെന്നാണ് സിപിഎം, സിപിഐ നേതാക്കള്‍ ഇതുവരെ ആവര്‍ത്തിച്ചിരുന്നത്. മുന്‍പു നല്കിയ സത്യവാങ്്മൂലം തുടരുമെന്നും പുതിയതു നല്‍കില്ലെന്നുമാണ് ഇന്നലെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞത്. തിരുത്തില്ലെന്ന് ആവര്ത്തിക്കുന്നവര് അതേ നാവു കൊണ്ടാണ് തിരുത്തണോയെന്ന് കേസ് വരുമ്പോള്‍ പരിശോധിക്കുമെന്നു പറയുന്നത്. ഇത്തരം ഇരട്ട നിലപാട് ശബരിമല വിശ്വാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. മാത്രമല്ല വിഷയത്തിന് പ്രസക്തിയില്ലെന്നു പറയുന്നതും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കുന്നത് ഒഴിവാക്കിയെടുക്കാനാണ്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം എപ്പോഴും പ്രസക്തമാണ്. ആചാര ലംഘനം തടഞ്ഞ് അവിടെ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയാല്‍ മാത്രമേ അത് അടഞ്ഞ അധ്യായമാകുന്നുള്ളൂ. കേസില്‍ ഭക്തര്‍ക്ക് അനുകൂലമായ നിലപാടോ വിധിയോ വരും വരെ യുവതീ പ്രവേശനം പ്രസക്തമാണെന്നിരിക്കെയാണ് അത് പഴകിയതാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്‍എസ്എസിനോട് ഒന്നും പറയാനില്ല. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുകയാണ്, അതുമായി ബന്ധപ്പെട്ട ഒരു വിഷയവും നമ്മുടെ മുന്പിലില്ല, പിണറായി പറയുന്നു.
ശബരിമല വെറും രാഷ്ട്രീയ വിവാദമാണെന്നു പറഞ്ഞ് ലഘൂകരിക്കാനാണ് ഇന്നലെ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും ശ്രമിച്ചത്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്നമൊന്നുമില്ല, ബേബി പറയുന്നു. ബേബിയും മുഖ്യമന്ത്രിയും നിലവില്‍ അതൊരു വിഷയമേയല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങനെയും ഒഴിവാക്കിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: