കൃതഹസ്തനായ ആചാര്യശ്രീ എം.ആര്. രാജേഷിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘മഹര്‍ഷി ദയാനന്ദന്-പ്രതിരോധത്തിന്റെ ആഴം.’ കപട വാദങ്ങളുടെ ഇരുള്‍മറ വേദവിജ്ഞാനത്തിന്റെ വജ്രസൂചികള്‍ കൊണ്ട് കീറിമുറിക്കുന്ന രാജേഷിന്റെ വൈഭവം അതിന്റെ ശക്തമായ സാന്നിധ്യം കാണിക്കുന്ന ഗ്രന്ഥമാണിത്.
മഹര്‍ഷി ദയാനന്ദനെക്കുറിച്ചുള്ള അവാസ്തവവും അനുയോജ്യവുമല്ലാത്ത വാദഗതികളെയും തുറന്നു കാട്ടുന്നു അദ്ദേഹം. ചില നിക്ഷിപ്ത കക്ഷികള്‍ ബോധപൂര്‍വം പരുവപ്പെടുത്തിയെടുത്ത കൂട്ടില്‍ നിന്ന് തെളിമയുള്ള വിശാലതയിലേക്ക് ആ മനീഷിയെ രാജേഷ് ഉയര്‍ത്തുകയാണ്. വെറുതെ പറഞ്ഞു പോകുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റേത്. യുക്തിയുടെയും സുതാര്യതയുടെയും കലര്‍പ്പില്ലാത്ത ആത്മാര്‍ഥതയുടെയും ഒരു തലമുണ്ട് അദ്ദേഹത്തിന്. അനേകായിരങ്ങള്‍ക്ക് വേദവെളിച്ചം പകര്‍ന്നുകൊടുക്കുന്ന ‘കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ’ കുലപതി എന്ന നിലയില്‍ സമൂഹത്തിന്റെ കരുത്താണ് അദ്ദേഹം.
ആര്യസമാജത്തിന്റെ അടിത്തറ അറിയുകയും, അത് പൊതുസമൂഹം മനസ്സിലാക്കാന്‍ തന്റേതായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന ആചാര്യ ശ്രീ രാജേഷ് ശ്രമകരവും ഭാവോജ്വലവുമായ ഒരു കൃത്യമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. ഗ്രന്ഥത്തില്‍ എന്തിനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് രാജേഷ് പറയുന്നത് ഇങ്ങനെയാണ്. ”സ്വതന്ത്രമായ ഇച്ഛാശക്തികൊണ്ട് ഭൂതകാലത്തിന്റെ, അദൃശ്യലോകത്തിന്റെ അഭൗതികവും ആത്മീയവുമായ സര്‍വഭാവങ്ങളെയും പുനരാവിഷ്കരിച്ച മഹര്‍ഷി ദയാനന്ദനെ, അജ്ഞാത രഹസ്യങ്ങളുണ്ടെന്ന ഭാവനാ വിലാസത്തില്‍ നൂലെത്താത്ത കയങ്ങളിലേക്ക് തള്ളിക്കളയാമെന്ന വിചാര ഭാവനകള്‍ക്കുള്ള മറുപടിയാണ് ഈ പുസ്തകം.”
ദയാനന്ദന്റെ ഏകേശ്വര സങ്കല്‍പ്പം സെമിറ്റിക് മതങ്ങളില്‍ നിന്നും കടം കൊണ്ടതോ?, ആദിശങ്കരനും മൂലശങ്കരനും, ദയാനന്ദനും വിവേകാനന്ദനും, നാം മറന്ന രാഷ്ട്രപിതാമഹന്‍, തിയൊസോഫിക്കല്‍ സൊസൈറ്റി ഓഫ് ആര്യ സമാജ് ഒരു രഹസ്യ അജണ്ടയോ? എന്നീ അധ്യായങ്ങളിലൂടെ മഹര്‍ഷി ദയാനന്ദന്റെ വ്യക്തിപ്രഭാവം അതിന്റെ ഗരിമയോടെ തന്നെ ആചാര്യശ്രീ രാജേഷ് വരച്ചിടുന്നു. ആരായിരുന്നു ദയാനന്ദ സരസ്വതിയെന്ന് സംശയിച്ച് നില്‍ക്കുന്നവര്‍ക്കു മുമ്പില്‍ ഈ പുസ്തകം പ്രസ്ഫുരിപ്പിക്കുന്ന വെളിച്ചം വളരെ പ്രകാശമേറിയതാണ്.അബദ്ധജടിലമായ വാദഗതികളെ തവിടുപൊടിയാക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി നിരത്തുമ്പോള്‍ വായനക്കാര്‍ അഭിമാനം തോന്നും. വേദവെളിച്ചത്തിന്റെ ക്ഷാത്രതേജസ് പുരണ്ട കുറിപ്പുകളും വിശകലനങ്ങളും പ്രശംസാവഹമെന്ന ഭംഗിവാക്കില്‍ ഒതുക്കാനാവില്ല. വായനക്കാരനെ വിഭ്രമിപ്പിക്കുകയല്ല, അവനെ മനസ്സിലാക്കിച്ച് വഴി നടത്തുകയാണ് ഇതിലൂടെ.
പരമമായ യാഥാര്‍ഥ്യത്തെ സംബന്ധിച്ച സിദ്ധാന്തങ്ങളില്‍ ഭേദം ഉണ്ടെങ്കിലും ആദിശങ്കരനും ദയാനന്ദനും വേദത്തെ സ്വതഃപ്രമാണവും പരമപ്രമാണവുമായി മാനിക്കുകയും, വേദങ്ങളെ അടിസ്ഥാനപ്പെടുത്തി മണ്ഡന – ഖണ്ഡനങ്ങള്‍ നടത്തുകയും, അതിലൂടെ സനാതന ധര്‍മത്തെ ഉദ്ധരിക്കുകയും ചെയ്ത മഹാത്മാക്കളായിരുന്നു എന്ന് ഗ്രന്ഥകാരന് വിലയിരുത്തുന്നുണ്ട്. ഇതിന് ഉപോല്‍ബലകമായ ഒട്ടേറെ തെളിവുകളും കുറിപ്പുകളും കൊടുത്തിട്ടുമുണ്ട്.
അത്ര ലളിതമായി വായിച്ചു പോകാനാവില്ല എന്ന് തോന്നുമെങ്കിലും പോകപ്പോകെ ആ ധാരണ തെറ്റും. സംശയലേശമെന്യേയുള്ള വിവരണം ആകര്‍ഷണീയവും അനവദ്യസുന്ദരവുമാണ്. വേദം, ആര്യസമാജം, ദയാനന്ദ സരസ്വതി എന്നിങ്ങനെയുള്ള പ്രകാശഗോപുരങ്ങളെ അടുത്തറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്ത വ്യക്തിക്കു മാത്രമെ ഇത്തരമൊരു രചന നടത്താനാവൂ. വായനക്കാര്‍ അതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
രാഷ്ട്രപിതാവ് എന്ന സംജ്ഞയിലൂടെ ഇന്ന് ഗാന്ധിജിയാണ് നമ്മുടെ മുമ്പിലെങ്കില്‍ അതിനും മുമ്പ് ആരായിരുന്നു യഥാര്‍ഥ രാഷ്ട്രപിതാവും രാഷ്ട്രപിതാമഹനും എന്ന് ഗ്രന്ഥകാരന് സൂചിപ്പിക്കുന്നതും കൂടി കാണുക: ”പിതാവിന്റെയും പിതാവാണ് പിതാമഹന്. ഗാന്ധിജി തന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ കൊയ്തെടുത്തത്, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ദയാനന്ദന് വിതച്ച വിത്തുകളെയാണ് എന്ന് പറഞ്ഞാല്‍ അതൊരുപക്ഷേ, അതിശയോക്തിയായി തോന്നിയേക്കാം, എന്നാല്‍ സത്യമതാണ്.” അതിന് വസ്തുതാപരമായ അടിത്തറയൊരുക്കിക്കൊണ്ടാണ് ഗ്രന്ഥകാരന് നിലകൊള്ളുന്നത്.
ഗവേഷണപടുക്കള്ക്കും വിദ്യാര്‍ഥികള്‍ക്കും പൊതു സമൂഹത്തിനും മുതല്‍ക്കൂട്ടാണ് ഈ പുസ്തകം എന്നതില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: