മാര്‍ക് വാട്നി അറിയപ്പെടുന്ന ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാണ്. ചൊവ്വയില്‍ താമസിച്ച് പരീക്ഷണങ്ങള്‍ നടത്താനുള്ള ‘നാസ’യുടെ ഏരിസ്-3 ദൗത്യത്തിലെ അംഗം. വാട്നിയും കൂട്ടുകാരും ചൊവ്വയില്‍ ടെന്റടിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്-അത്യുഗ്രമായ കൊടുങ്കാറ്റ്. ഉപഗ്രഹ വാഹനം തന്നെ തകരാന്‍ പോകുന്നു. ‘നാസ’ ആകാശയാത്രികര്‍ക്ക് മുന്നറിയിപ്പ് നല്കി-ഉടന്‍ ബഹിരാകാശ വാഹനത്തില്‍ കയറുക. റോക്കറ്റുകള്‍ ജ്വലിപ്പിക്കുക. ചൊവ്വാ ദൗത്യം റദ്ദു ചെയ്തിരിക്കുന്നു.
യാത്രക്കാര്‍ പാഞ്ഞു കയറാനെടുത്തത് സെക്കന്റുകള്‍ മാത്രം. പക്ഷേ കൊടുങ്കാറ്റ് തുടങ്ങിക്കഴിഞ്ഞു. ആന്റിനകള്‍ ഒടിഞ്ഞുതുടങ്ങി. കൊടുങ്കാറ്റില്‍ പാവം മാര്ക്വാട്നി മരിച്ചെന്ന് സുഹൃത്തുക്കള്‍ കരുതി. റോക്കറ്റുകള്‍ ജ്വലിച്ചു. ഏരിസ് മാതൃവാഹനം ചൊവ്വയില്‍ നിന്ന് കുതിച്ചുയര്‍ന്നു. പാവം വാട്നി ബോധത്തിലേക്ക് മടങ്ങിവരുമ്പോള്‍ ചൊവ്വാ വാഹനത്തിന്റെ പൊടിപോലുമില്ല.
പക്ഷേ അയാള്‍ തളര്‍ന്നില്ല. ഭംഗിയായി നിര്‍മിച്ച ടെന്റിന്റെ സുരക്ഷിതത്വത്തില്‍ അയാള്‍ അഭയം തേടി അതില്‍ തനിക്ക് നൂറുനാള്‍ കഴിയാനുള്ള വകകളുണ്ട്. പക്ഷേ അത് കഴിഞ്ഞാലും ജീവിക്കണം. നാല് വര്‍ഷത്തിനുശേഷം ചൊവ്വയിലെത്തുന്ന ഏരിസ്-4 വരുംവരെ ജീവിക്കണം. അയാള്‍ ആദ്യം ചെയ്തത് ഓക്സിജന്റെ ലഭ്യത ഉറപ്പാക്കുകയാണ്. പിന്നെ ചൊവ്വയിലെ മണ്ണ് കൊണ്ടുവന്ന് ടെന്റിന്റെ ഒരുഭാഗത്ത് വിരിച്ചു. പരീക്ഷണത്തിനു കൊണ്ടുവന്ന ഉരുളക്കിഴങ്ങുകള്‍ അതില്‍ നട്ടു. ഹൈഡ്രാസിന് ജ്വലിപ്പിച്ച് ഉരുളക്കിഴങ്ങിന് വെള്ളം നല്കി. കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിച്ച് ജൈവവളം വിതറി. ഉപേക്ഷിക്കപ്പെട്ട ചൊവ്വാ ദൗത്യ വാഹനങ്ങള്‍ തപ്പിയെടുത്ത് ഗതാഗത യോഗ്യമാക്കി. അവയുടെ സോളാര്‍പാനലുകളുടെ അറ്റകുറ്റം തീര്‍ത്തു. ബാറ്ററികള്‍ നന്നാക്കി.
ഇതിനോടകം ‘നാസ’ ആ സത്യമറിഞ്ഞു. മാര്‍ക് വാട്നി മരിച്ചിട്ടില്ലെന്ന് അവര്‍ ഉപഗ്രഹ ചിത്രങ്ങളിലൂടെ കണ്ടെത്തി. വാട്നിയെ രക്ഷിക്കാന്‍ ജനം മുറവിളി കൂട്ടി. എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ലാത്ത അവസ്ഥ. വാട്നിക്ക് ഭക്ഷണവുമായി ‘നാസ’ ഒരു റോക്കറ്റ് വിക്ഷേപിച്ചുവെങ്കിലും തുടക്കത്തില്‍ത്തന്നെ അത് പൊട്ടിത്തെറിച്ചു. ചൈന അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ സഹായത്തിനെത്തി. ഒടുവില്‍ ഭൂമിയിലേക്ക് തിരിച്ച ബഹിരാകാശയാനം പാതിവഴിയില്‍ വെച്ച് വെട്ടിത്തിരിച്ച് വീണ്ടും ചൊവ്വയിലേക്ക്. അതിസാഹസികമായിരുന്നു ആ യജ്ഞം. ബഹിരാകാശത്തില്‍ ഒഴുകി നടന്ന വാട്നിയെ ദൗത്യത്തിന്റെ ക്യാപ്റ്റന്‍ മെലീസ കുരുക്കിട്ട് പിടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു.
ഉദ്വേഗജനകമായ ഈ കഥയുടെ പേര് ‘ദി മാര്‍ഷിയന്‍’ അഥവാ ചൊവ്വാ മനുഷ്യന്. സിനിമയുടെയും പേര് ഇതുതന്നെ. 2011 ല്‍ ആന്ഡിവെയര് പ്രസിദ്ധീകരിച്ച ശാസ്ത്ര നോവല്‍. സംഭവം 2035 ല്‍ നടക്കുന്നതായാണ് കഥാകാരന് സങ്കല്‍പ്പിക്കുന്നത്.
അന്യഗ്രഹങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യന്റെ അടക്കാനാവാത്ത ആഗ്രഹമാണ് ഇത്തരം കഥകളുടെ സൃഷ്ടിക്കുപിന്നില്‍. ‘നാസ’യുടെ ചൊവ്വാ പര്യവേഷണ താല്‍പ്പര്യത്തിനു പിന്നിലും അതേ ആശയം തന്നെ. ഇലോണ്‍ മസ്ക് ചൊവ്വയിലേക്കുള്ള ആകാശക്കപ്പല്‍ നിര്‍മിക്കുന്നതും ഇതേ ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ട്. നമ്മുടെ സ്വന്തം ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍. സസ്യലതാദികളും വംശനാശം സംഭവിക്കാതെ രക്ഷപ്പെടണമെന്ന ചിന്ത.
ആ ചിന്ത തന്നെയാണ് 2021 മാര്‍ച്ച് മാസത്തില്‍ നടന്ന ഐഇഇഇ എയ്റോ സ്പേസ് സമ്മേളനത്തില്‍ ഇത്തരമൊരു പ്രബന്ധവുമായി ശാസ്ത്രജ്ഞര്‍ എത്താനുണ്ടായ കാരണവും. ഭൂമിയിലെ സമസ്ത ബീജങ്ങളും വിത്തുകളുമെല്ലാം അങ്ങകലെ ചന്ദ്രനില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു ആ ഗവേഷണ പ്രബന്ധം. അതിനവര്‍ക്ക് ആശയം കൊടുത്തത് നോഹയുടെ പെട്ടകത്തിന്റെ കഥ. ഭൂമിയാകെ പ്രളയത്തില്‍ മുങ്ങും മുന്‍പ് സമസ്ത ജീവജാലങ്ങളുടെയും സാമ്പിളുകള്‍ പടുകൂറ്റന്‍ കപ്പലിലാക്കി രക്ഷപ്പെടുത്തിയ പഴയ നിയമത്തിലെ നോഹയുടെ കഥ.
നോര്‍ബയിലെ ‘സാല്ബാര്ഡി’ല്‍ ലോകരാജ്യങ്ങള്‍ക്കൊരു വിത്തറയുണ്ട്. ഭൂമിയിലെ അപകടങ്ങളില്‍ വിത്തുകള്‍ നശിച്ചാല്‍ പകരം വിതയ്ക്കാനുള്ള നമ്മുടെ മുന്‍കരുതല്‍. പക്ഷേ ഭൂമിതന്നെ നശിച്ചാലോ? അതിനാണ് ഈ ശാസ്ത്രജ്ഞര്‍ സമസ്ത ബീജങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ച് ചന്ദ്രനിലെത്തിച്ച് സുരക്ഷിതമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഭൂമിയില്‍നിന്ന് രണ്ടേകാല്‍ ലക്ഷം മൈല്‍ അകലെ ചന്ദ്രനിലെ പാറയിടുക്കുകളില്‍ കൂറ്റന്‍ സുരക്ഷിത കവചം നിര്‍മിച്ച് നമ്മുടെ വിത്തുവംശത്തെയാകെ സൂക്ഷിക്കാമെന്ന് അവര്‍ പറയുന്നു. സൗരോര്‍ജ്ജം കൊണ്ടാവും ചന്ദ്രനിലെ ആ പത്തായം പ്രവര്‍ത്തിക്കുക. അതിശീത സാങ്കേതിക വിദ്യയായ ക്രയോജനിക് ടെക്നോളജിയാവും വിത്തുശേഖരത്തെ നശിക്കാതെയിരിക്കാന്‍ സഹായിക്കുക. ഏതാണ്ട 67 ലക്ഷം വിത്തുകള്‍ ചന്ദ്രനിലെ പത്തായത്തില് സൂക്ഷിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. അതിനായി 250 തവണയെങ്കിലും ചാന്ദ്രവാഹനം ഷട്ടില്‍ സര്‍വീസ് നടത്തണം. നാല് ദശലക്ഷം വര്‍ഷമായി ആരാലും സ്പര്‍ശിക്കാത്ത ലാവാ ട്യൂബുകളില്‍ പടുകൂറ്റന്‍ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച് സൂക്ഷിക്കുന്ന ഈ വിത്തുകള്‍ ഒരിക്കലും കേടുകൂടാതെയിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആണവയുദ്ധം, മഹാമാരി, കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവ മൂലം ഭൂമിയിലെ ബീജങ്ങളും വിത്തുകളും അപ്പാടെ നശിച്ചാലും നമുക്ക് ചന്ദ്രനിലെ പത്തായപ്പുരയില്‍നിന്ന് അവയെ മടക്കിക്കൊണ്ടുവരാമെന്നാണ് പ്രതീക്ഷ. അങ്ങനെ ഭൂമിയിലെ ജീവിതത്തെ പുനഃസൃഷ്ടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: