മുംബൈ:മുകേഷ് അംബാനിയുടെ ആഡംബര വസതിയ്‌ക്ക് മുമ്പില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ എത്തിച്ചതില്‍ പങ്കാളിയായതിന് അറസ്റ്റിലായ മുംബൈ പൊലീസിലെ ഓഫീസര്‍ സച്ചിന്‍ വാസെയെ രക്ഷിക്കാന്‍ മുംബൈ പൊലീസ് സംഘം പ്രവര്‍ത്തിച്ചതായി കണ്ടെത്തി. മുംബൈ പൊലീസിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഏതാനും പൊലീസുകാരാണ് സച്ചിന്‍ വാസേയ്‌ക്കെതിരായ തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തിയത്.
സച്ചിന്‍ വാസേ താമസിച്ചിരുന്ന ഹൗസിംഗ് കോളനിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും ഫിബ്രവരി 27ന് അവിടെ നിന്നും മുംബൈ പൊലീസിലെ ഒരു സംഘം വന്ന് നീക്കം ചെയ്തതായി എന്‍ ഐഎ കണ്ടെത്തുകയായിരുന്നു. ഇതിന് തെളിവായി മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ഖാസി എഴുതിയ കത്തും എന്‍ ഐഎ പിടിച്ചെടുത്തിട്ടുണ്ട്. സച്ചിന്‍ വാസേ താമസിച്ച ഹൗസിംഗ് കോളനിയിലെ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും നിക്കാന്‍ ഹൗസിംഗ് കോളനി സെക്രട്ടറിയോട് അപേക്ഷിക്കുന്ന റിയാസ് ഖാസി എഴുതിയ കത്താണ് എന്‍ ഐഎ കണ്ടെത്തിയത്.
അതായത് സ്‌ഫോടകവസ്തുക്കള്‍ വെച്ച എസ് യുവി സച്ചിന്‍ വാസേയുടെ വീട്ടില്‍ ഫിബ്രവരി 25 വരെ ഉണ്ടായിരുന്നു എന്നാണ് എന്‍ഐഎയുടെ അനുമാനം. ഈ തെളിവ് നശിപ്പിക്കാനായിരുന്നു മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ പൊലീസ് സംഘത്തിന്റെ ശ്രമം. ഫിബ്രവരി 25നാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് എസ് യുവി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
ഇപ്പോള്‍ റിയാസ് ഖാസിയെ എന്‍ ഐഎ ചോദ്യം ചെയ്തുവരികയാണ്. എസ് യുവിയുടെ ഉടമയായ മന്‍സുഖ് ഹിരന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് അന്വേഷണച്ചുമതല എന്‍ ഐഎ ഏറ്റെടുത്തത്. താനെയിലെ ഒരു കടലിടുക്കിലാണ് ഇദ്ദേഹത്തിന്റെ ജഡം കണ്ടെത്തിയത്. പിന്നീട് ഹിരന്റെ ഭാര്യയാണ് സച്ചിന്‍ വാസെയാണ് ഭര്‍ത്താവിനെ കൊന്നതെന്ന ആരോപണവുമായി രംഗത്ത് വന്നത്. നേരത്തെ ആന്‍റി ടെററിസം യൂണിറ്റ് ചോദ്യം ചെയ്തപ്പോഴൊന്നും മന്‍സുഖ് ഹിരന്റെ ഉടമസ്ഥതയിലുള്ള എസ് യുവിയാണ് മുകേഷ് അംബാനിയുടെ വീട്ടില്‍ കണ്ടെത്തിയതെന്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് എന്‍ ഐഎ ചോദ്യം ചെയ്യലില്‍ വാസേ എല്ലാം സമ്മതിച്ചതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി മാര്‍ച്ച് 25 വരെ വാസെയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ എന്‍ ഐഎയ്‌ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
ഇത്രയും വലിയ ഒരു കുറ്റം ചെയ്ത സച്ചിന്‍ വാസെയെ സഹായിക്കാന്‍ മുംബൈ പൊലീസിലെ ചിലര്‍ ഉണ്ടെന്ന് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ അംബാനിയുടെ വീടിന് മുന്‍പില്‍ ബോംബ് വെക്കാനുള്ള പദ്ധതിയ്‌ക്ക് പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
ശിവസേനയുടെ പങ്കാണ് കുറെശ്ശേയായി മറനീക്കി പുറത്തുവരുന്നത്. സച്ചിന്‍ വാസേയുടെ അടുത്ത സുഹൃത്തായ ഗോപിനാഥ ഗൗഡയെന്ന ശിവസേന നേതാവിന്റെ വീടിന്റെ പരിസരത്തിലാണ് കൊല്ലപ്പെട്ട മന്‍സുഖ് ഹിരന്റെ മൊബൈല്‍ അവസാനമായി റേഞ്ച് കാണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: