മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും. പതിവുപോലെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്ത പട്ടികയായിരിക്കും. സ്ത്രീകള്‍ക്ക് അര്‍ഹമായ അവസരം നല്‍കുമെന്ന് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മുസ്ലിം പണ്ഡിതരുടെ സംഘടനയായ സമസ്ത ഇതിനെതിരെ രംഗത്ത് വന്നതോടെ നിലപാട് തിരുത്തുകയായിരുന്നു. സ്ത്രീകളെ മത്സരരംഗത്തിറക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ലീഗ് സ്വയം അനുഭവിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. അധികമായി ലഭിച്ച സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയേയും ഇന്ന് പ്രഖ്യാപിക്കും.
വേങ്ങരയില്‍ നിന്നുമാകും പി.കെ. കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. എംഎല്‍എ ആയിരുന്ന അദ്ദേഹം രാജിവച്ചാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയ കെ.എം. ഷാജി അഴിക്കോട് വിട്ട് മലപ്പുറത്തേക്ക് മാറുമെന്നും സൂചനയുണ്ട്. പാലാരിവട്ടം അഴിമതിയില്‍ അന്വേഷണം നേരിടുന്ന സിറ്റിങ് എംഎല്‍എ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയില്‍ ഇത്തവണ മത്സരിപ്പിക്കുന്നതിനോടും യുഡിഎഫിന് വലിയ താല്‍പ്പര്യം ഇല്ല.
ഇബ്രാഹിംകുഞ്ഞിനെ മാറ്റുകയാണെങ്കില്‍ പകരം പരിഗണിക്കുന്നവരില്‍ പ്രധാനി കെ.എം. ഷാജിയാണ്. കളമശ്ശേരിയില്‍ ഇറങ്ങാന്‍ ഷാജിയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കളമശ്ശേരിയില്‍ കെ.എം. ഷാജിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസും സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: