തൃശൂര്‍: തെരഞ്ഞെടുപ്പിന് മുന്‍പ് സെക്രട്ടറി പദത്തില്‍ തിരിച്ചെത്താനൊരുങ്ങി കോടിയേരി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയാകാനൊരുങ്ങി ഇ.പി. ജയരാജന്. നിയമസഭയിലേക്കില്ലെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയതോടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള കരുനീക്കങ്ങള്‍ സിപിഎമ്മില്‍ ശക്തിപ്രാപിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്നെ നേരിട്ട് തനിക്ക് തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ മാറിനില്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. മകന്റെ പേരിലുള്ള ആരോപണങ്ങളെ തുടര്‍ന്നായിരുന്നു നടപടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ നിലയ്ക്ക് മകന്റെ പേരിലുള്ള കേസിന് താന്‍ മാറിനില്‍ക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കോടിയേരി.
ചികിത്സക്കായി രണ്ടോ, മൂന്നോ മാസം അവധിയെടുക്കുന്നുവെന്നാണ് പുറത്ത് പറഞ്ഞത്. ആ കാലാവധി പൂര്‍ത്തിയായി. ഇനി മാറിനില്‍ക്കാനാവില്ലെന്ന് കോടിയേരി വ്യക്തമാക്കി. സെക്രട്ടറിയുടെ ചുമതല കോടിയേരിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലായിരുന്നു മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങളും. ഇതോടെ കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. അടുത്തയാഴ്ച ബിനീഷ് കോടിയേരിയുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നുണ്ട്.
ജാമ്യം ലഭിച്ചാല്‍ കോടിയേരിയുടെ തിരിച്ചുവരവ് എളുപ്പമാകും. എ. വിജയരാഘവന് സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വേണ്ടത്ര ശോഭിച്ചില്ല എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിജയരാഘവന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല. ചുമതല തിരികെ കോടിയേരിയെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് നേതൃത്വവും കരുതുന്നു. വിജയരാഘവനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് സീറ്റിലാണ് ആദ്യം പേര് പരിഗണിച്ചത്.
വിജയരാഘവന്റെ ഭാര്യ ആര്. ബിന്ദുവിന്റെ പേര് തൊട്ടടുത്ത ഇരിങ്ങാലക്കുടയില്‍ പരിഗണിക്കുന്നതാണ് തടസം. പാലക്കാട് ജില്ലയില്‍ പെടുന്ന ഷൊര്‍ണൂരില്‍ വിജയരാഘവനെ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടി സെക്രട്ടറി പദത്തില്‍ കണ്ണുവെച്ചാണ് ഇ.പി. ജയരാജനും
തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുന്നത്. പിണറായിക്കും താത്പര്യം ജയരാജന് സെക്രട്ടറിയാകുന്നതിനോടാണ്. ബിനീഷ് കോടിയേരിയുടെ പേരില്‍ കേസ് വന്നതോടെ കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതും പിണറായിയായിരുന്നു.
ഇ.പി. ജയരാജനെ പകരക്കാരനായി കണ്ടാണ് പിണറായി ആ നീക്കം നടത്തിയതെങ്കിലും ചുമതല വിജയരാഘവന് നല്‍കണമെന്ന് കോടിയേരി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇപ്പോള്‍ കോടിയേരി തിരിച്ചെത്തിയാലും ഈ വര്‍ഷം തന്നെ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പദം പിടിക്കാനുള്ള നീക്കം പിണറായിയും ജയരാജനും ഊര്‍ജ്ജിതമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: