കൊല്‍ക്കൊത്ത: പശു കള്ളക്കടത്തിന്റെയും ലവ് ജിഹാദിന്റെയും തോത് ബംഗാളില്‍ ഉയുരന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച ബേംഗാളിലെ മാല്‍ഡയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തൃണമൂല്‍ സര്‍ക്കാരിന്റെ പ്രീണനരാഷ്ട്രീയം കാരണം ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും യോഗി കുറ്റപ്പെടുത്തി. ‘ഒരു കാലത്ത് രാജ്യത്തെ നയിച്ചിരുന്ന ബംഗാളില്‍ ഇപ്പോള്‍ നിയമവാഴ്ചയില്ല. വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി തൃണമൂല്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കുകയാണ്,’ യോഗി ആദിത്യനാഥ് പറഞ്ഞു.
‘അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കിട്ടാത്തത് തൃണമൂല്‍ സര്‍ക്കാരിന് വലിയ പ്രശ്നമമാണ്. എന്നാല്‍ അനധികൃത കുടിയേറ്റക്കാര്‍ ബംഗാളില്‍ എത്തുന്നത് പ്രശ്നമേയല്ല,’ യോഗി ചൂണ്ടിക്കാട്ടി.
ബിജെപി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ പശു കള്ളക്കടത്ത് ഒറ്റ ദിവസത്തില്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. ജയ്ശ്രീ റാം വിളിക്കാന്‍ പോലും അനുവദിക്കാത്ത തൃണമൂല്‍ സര്‍ക്കാരിന് ഇവിടുത്തെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘ദുര്‍ഗ്ഗാ പൂജ ബംഗാളില്‍ നിരോധിച്ചു. എന്നാല്‍ ഈദിന് പശുക്കളെ അറക്കല്‍ ആരംഭിക്കുകയും ചെയ്തു. പശു കള്ളക്കടത്തിലൂടെ ആളുകളുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു. ഇനി അവര്‍ ജയ് ശ്രീറാം കൂടി നിരോധിക്കാന്‍ ശ്രമിക്കുകയാണ്,’- യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: