കൊല്‍ക്കത്ത: രണ്ട് തവണ എംഎല്‍എയായിരുന്ന രബിരഞ്ജന്‍ ഛാതോപാധ്യായ് മമതയിലും തൃണമൂലിലും വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയം വിട്ടു.
2020 ഒക്ടോബറില്‍ ഫേസ്ബുക്ക് പബ്ലിക് പോളിസി മേധാവിസ്ഥാനം രാജിവെച്ച അങ്കി ദാസിന്റെ ഭര്‍ത്താവിന്റെ അച്ഛന് കൂടിയാണ് രബിരഞ്ജന്‍ ഛതോപാധ്യായ്. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും ബര്‍ദ്മാന്‍ ദക്ഷിന് നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച എംഎല്‍എയാണ് രബിരഞ്ജന്‍ ഛതോപാധ്യായ്.
തന്റെ മരുമകളായ അങ്കിദാസിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകര്‍ നടത്തിയ നുണപ്രചാരണത്തില്‍ മനസ്സ് നൊന്തുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ തടഞ്ഞില്ലെന്നതിന്റെ പേരില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അങ്കിദാസിനെ മറയില്ലാതെ വിമര്‍ശിച്ചിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഒരു വിഭാഗം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ വലിച്ചുതാഴെയിടുകയാണെന്നും രബിരഞ്ജന്‍ ഛതോപാധ്യായ് പറഞ്ഞു.
ഫേസ്ബുക്ക് വിവാദത്തിന് ശേഷം ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ആരോഗ്യവിവരം തിരക്കിയിട്ടില്ലെന്നും രബിരഞ്ജന്‍ ഛതോപാധ്യായ് പറഞ്ഞു.
സിപിഎമ്മിനെ പുറത്താക്കാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തന്നെ പ്രചോദിപ്പിച്ച മമത ബാനര്ജിയല്ല ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്നും കാട്ടി ഒരാഴ്ച മുമ്പ് രബിരഞ്ജന്‍ ഛതോപാധ്യായ് മമത ബാനര്‍ജിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2011ല്‍ സിപിഎമ്മിന്റെ കരുത്താനായ നിരുപം സെന്നിനെയാണ് ബിരഞ്ജന് ഛതോപാധ്യായ് തോല്പിച്ചത്. ബംഗാളിലെ വ്യവസായമന്ത്രിയായിരുന്നു നിരുപം സെന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: