കശ്മീര്‍: 31 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാ കശ്മീരില്‍ ഒരു ക്ഷേത്രത്തിന്റെ നട തുറന്നിരിക്കുന്നു. ശ്രീനഗറിലെ ശീതള്‍ നാഥ് മന്ദിരമാണ് വീണ്ടും തുറന്നുപ്രവര്ത്തിച്ചിരിക്കുന്നത്.
കശ്മീരില്‍ 500 ദിവസമായി 4ജി ഇല്ലെന്ന് പറഞ്ഞ് മുതലക്കണ്ണീര് ഒഴുക്കുന്നവര് ഒരു കാര്യം അറിയണം- ഇസ്ലാമിക തീവ്രവാദം അഴിഞ്ഞാടിയിരുന്ന കഴിഞ്ഞ ഏതാനും ദശകങ്ങളായി എത്രയോ ക്ഷേത്രങ്ങളുടെ വാതിലുകളാണ് അവിടെ അടഞ്ഞുപോയത്. ദശകങ്ങളായി പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ഹിന്ദുഭക്തരുടെ വേദന അറിയാന്‍ ഒരു മനുഷ്യാവകാശപ്രവര്‍ത്തകരും ഭാരതത്തില്‍ ഇല്ലാതെപ്പോയി.
ഫിബ്രവരി 17 ബുധനാഴ്ചയാണ് 31 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനഗറിലെ ക്രാലഖുദിലുള്ള ശീതല്‍ നാഥ് മന്ദിരം തുറന്നത്. ബസന്ത് പഞ്ചമി പൂജയ്ക്കായി വീണ്ടും ക്ഷേത്രത്തിലെ മണി മുഴങ്ങി. ഹവനവും നടന്നു. ഏകദേശം 30 കശ്മീരി ഹിന്ദുക്കളാണ് പ്രാര്‍ഥനകളില്‍ പങ്കാളിയായത്. പ്രസാദവും വിതരണം ചെയ്തു. ‘ഔദ്യോഗികമായി ക്ഷേത്രം തുറന്നു,’ പൂജാരി ഉപേന്ദ്ര ഹന്‍ഡു പറഞ്ഞു. 1990ല്‍ അടച്ചിട്ടതാണ് ഈ ക്ഷേത്രം.
ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയും മുഫ്തി മുഹമ്മദ് സയ്യിദ് ആഭ്യന്തരമന്ത്രിയും ആയിരുന്ന 90കളിലാണ് ഇസ്ലാമിക തീവ്രവാദം ജമ്മുകശ്മീരില്‍ വേരാഴ്ത്തിയത്. ഇതിന്റെ ഭാഗമായാണ് നിര്‍ബന്ധപൂര്‍വ്വം പല ക്ഷേത്രങ്ങളും അടപ്പിച്ചത്. തീവ്രവാദം പിടിമുറുക്കുന്നതിന് മുമ്പ് ശീതള്‍ നാഥ് മന്ദിരത്തിലെ ബസന്ത് പഞ്ചമി പൂജയ്ക്ക് നൂറുകണക്കിന് കശ്മീരി ഹിന്ദുക്കള്‍ പങ്കെടുത്തിരുന്നതായി ഉപേന്ദ്ര ഹന്‍ഡു പറഞ്ഞു. പുതുതായി ജനിച്ച കുട്ടികള്‍ അവരുടെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്ന ദിവസമായ ബസന്ത് പഞ്ചമി കശ്മീരിലെ ഹിന്ദു പണ്ഡിതന്മാര്ക്ക് സുപ്രധാനമായിരുന്നു.
‘ക്ഷേത്രം തുറന്നത് കശ്മീരി താഴ് വരയ്ക്കപ്പുറമുള്ളവരില് കശ്മീര്‍ സുരക്ഷിതമാണെന്ന സന്ദേശം എത്താനും ആത്മവിശ്വാസം സൃഷ്ടിക്കാനും കഴിയുന്ന സംഭവമാണിത്,’ ഹന്ഡുവിന്റെ വാക്കുകളിലും ആത്മവിശ്വാസം. താഴ് വരയിലേക്ക് കശ്മീരി ഹിന്ദുക്കള്‍ക്ക് മടങ്ങിവരാന്‍ കൂടുതല്‍ നടപടിയെടുക്കണമെന്നും ഹന്‍ഡു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ശ്രീ സനാതന്‍ ധര്‍മ്മ ശീതല്‍ നാഥ് ആശ്രമം സഭയിലെ ട്രസ്റ്റി കൂടിയാണ് ഹന്‍ഡു. ശ്രീനഗറിലെ മേയറായ ജുനൈദ് മട്ടുവും ശീതള്‍ നാഥ് മന്ദിരം സന്ദര്‍ശിച്ചു. മന്ദിരത്തിലെ മാനേജ്മെന്റ് ഉദ്യോഗസ്ഥരുമായും ഭക്തരുമായും അദ്ദേഹം സംസാരിച്ചു.
കശ്മീരി ഹിന്ദുക്കള്‍ ഇതിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. 370ാം വകപ്പും 35എയും എടുത്തുകളഞ്ഞത് മൂലമാണ് ക്ഷേത്രം തുറക്കാനിടയാക്കിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
1940ല്‍ വിഡി സവര്‍ക്കര്‍ കശ്മീര്‍ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം മുസ്ലിം ലീഗിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് പൊതുയോഗത്തില്‍ പ്രവചിച്ചിരുന്നു. കശ്മീരിന്റെ കാര്യത്തില്‍ ജിന്നയുടെ നീക്കം ദുരന്തമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഹരി സിംഗ് മഹാരാജയോട് നെഹ്രുവും ഷേഖ് അബ്ദുള്ളയും തമ്മിലുള്ള ബാന്ധവത്തെക്കുറിച്ചും താക്കീത് നല്‍കിയിരുന്നു. ‘മുസ്ലീം ലീഗ് പാകിസ്ഥാന് ആവശ്യപ്പെടുന്നത് സമീപഭാവിയില്‍ കാണാം. ബ്രിട്ടീഷുകാര്‍ അവരെ പിന്തുണയ്ക്കും. നമ്മള് അഖണ്ഡഭാരതത്തിന് വേണ്ടി നിലകൊള്ളുന്നതാണ് കോണ്‍ഗ്രസ് നേതാക്കളെ ആശയക്കുഴപ്പത്തിലാക്കും. പാകിസ്ഥാന് യാഥാര്‍ത്ഥ്യമായാല്‍ അവര്‍ ആദ്യമായി അവകാശമുന്നയിക്കുക കശ്മീരിന് മുകളിലായിരിക്കും. ഇക്കാര്യത്തില്‍ മഹാരാജ ഉള്‍പ്പെടെ എല്ലാവരും ജാഗ്രതയോടെയിരിക്കണം,’ അന്ന് വിഡി സവര്‍ക്കരില്‍ നിന്നുണ്ടായ വാക്കുകളാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: