ആലപ്പുഴ: കോടികള്‍ ചെലവിട്ട് 16ന് കയര്‍മേളയ്ക്ക് തിരിതെളിയുമ്പോള്‍, കയര്‍ ഉല്‍പ്പാദന മേഖല കടുത്ത പ്രതിസന്ധിയില്‍. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ നടപടിയില്ലാത്തതാണ് പ്രധാന പ്രതിസന്ധി. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ചെറുകിട കയര്‍ ഫാക്ടറികളില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണു കെട്ടിക്കിടക്കുന്നത്. കയര്‍ കോര്പ്പറേഷന് ഉല്പന്നങ്ങള് സംഭരിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണു ചെറുകിട ഉല്‍പ്പാദകര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
സഹകരണ ബാങ്കുകളില്‍നിന്നും ബ്ലേഡുകാരില്‍നിന്നും പണം പലിശയ്ക്കു വാങ്ങി വീടുകളില്‍ തറികള്‍ സ്ഥാപിച്ചു തൊഴില്‍ ചെയ്യുന്ന ചെറുകിട ഉല്‍പ്പാദകരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായത്. വന്‍കിടക്കാര്‍ക്ക് സര്‍ക്കാരും വിവിധ ഏജന്‍സികളും സബ്സിഡി അടക്കമുള്ള സാമ്പത്തിക സഹായം നല്കുമ്പോഴും തങ്ങളെ പൂര്‍ണമായി അവഗണിക്കുകയാണെന്നാണു ചെറുകിടക്കാര്‍ പറയുന്നു. അര്‍ഹതപ്പെട്ട ആനൂകൂല്യങ്ങള്‍ പോലും തങ്ങള്‍ക്കു നല്കാന് അധികൃതര്‍ തയാറാകാത്തതു പ്രതിഷേധാര്‍ഹമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
മേഖലയില്‍ ചെറുകിട ഉല്പാദകരും കയര്‍ പിരി തൊഴിലാളികളും സഹകരണ സംഘങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം. കയര്‍ കോര്പ്പറേഷന് സംഘങ്ങളില്‍നിന്നു സംഭരിച്ച കോടിക്കണിക്കിനു രൂപയുടെ ഉല്‍പ്പന്നങ്ങളുടെ വില നല്‍കുക, മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കേട്ട് വലപ്പായ നിര്‍മാണത്തിനായി വായ്പ എടുത്തവര്‍ തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ പോലും കഴിയാതെ നട്ടം തിരിയുകയാണെന്നും ഇതിനു പരിഹാരം കാണണമെന്നും കയര്‍ പിരി സംഘങ്ങളില്‍നിന്ന് കയര്‍ ഫെഡ് സംഭരിച്ച കയറിന്റെ വില പൂര്‍ണമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: