തിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമാക്കി പുതിയ മലബാര്‍ സംസ്ഥാന രൂപീകരണത്തിനായി തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് മുഖപത്രത്തിന്റെ എഡിറ്റര്‍. സര്‍ക്കാര്‍ മലബാര്‍ മേഖലയോട് അവഗണനകാണിക്കുന്നുവെന്ന് ആരോപിച്ചാണ് സത്യധാര എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി വിഘടനവാദം ഉയര്‍ത്തുന്നത്. കരച്ചിലുകള്‍ക്കും വിലാപങ്ങള്‍ക്കും സ്ഥാനമില്ലെന്നും, കോഴിക്കോട് ആസ്ഥാനമായി ‘മലബാര്‍ സംസ്ഥാനം’ രൂപീകരിക്കാന്‍ ഇവിടെയുള്ളവര്‍ തെലുങ്കാന മോഡലില്‍ തെരുവിലിറങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അന്‍വര്‍ സാദിഖ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആരോഗ്യ മേഖലയുടെ മികവ് കാണിക്കാന്‍ ഇന്ന് കേരള സര്‍ക്കാര്‍ നല്കിയ പത്ര പരസ്യം ശ്രദ്ധേയമാകുന്നത്, ഈ ഗവണ്മെന്റിന്റെ സ്വജന പക്ഷപാതിത്വവും മലബാറിനോടുള്ള അവഗണയും സ്വയം പരസ്യപ്പെടുത്തി കൊണ്ടാണ്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള മലപ്പുറത്തിന് വെറും 3 കുത്ത്. അതേ സമയം എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളുടെ അടയാളമുദ്രകള്‍ നിറഞ്ഞിട്ട് കാണാനേ സാധിക്കുന്നില്ല.
മാറി മാറി വന്ന സര്‍ക്കാറുകള്‍ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ പരസ്യത്തില്‍ കാണുന്നത്. മലബാറില്‍ പ്ലസ്ടുവിന് സീറ്റുകിട്ടാതെ പതിനായിരങ്ങള്‍ അലയുമ്പോള്‍, തിരു-കൊച്ചിയില്‍ പതിനായിരകണക്കിന് സീറ്റുകള്‍ ആളില്ലാതെ ബാക്കിയാവുന്നത്. മലബാറില്‍ സ്വകാര്യ ബസ്സുകളും തെക്കോട്ട് കെ.എസ്.ആര്.ടി.സി ബസ്സുകളും കുത്തകയാക്കുന്നത്…. ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ഈ വിവേചനം കാണാം. നിയമസഭ സീറ്റുകളില്‍ മിക്കതും മലബാറിലാണ്. വികസനം മിക്കതും തെക്കുഭാഗത്തും. ഈ സംസ്ഥാനത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ഇടത്ത്, മലയാള ഭാഷപോലും തമിഴിലേക്ക് വഴിമാറുന്ന ഒരു അതിര്‍ത്തിയില്‍ കൊണ്ടുപോയി തലസ്ഥാനവും സെക്രട്ടറിയേറ്റും ഉണ്ടാക്കിയതു മുതല്‍ ഈ വിവേചനം നടന്നു വരുന്നുണ്ട്.
ഇവിടെ കരച്ചിലുകള്‍ക്കും വിലാപങ്ങള്‍ക്കും അര്‍ഥമില്ല. ഒന്നെങ്കില്‍ കോഴിക്കോട് ആസ്ഥാനമായി ‘മലബാര്‍ സംസ്ഥാനം’ രൂപീകരിക്കാന്‍ ഇവിടെയുള്ളവര്‍ തെലുങ്കാന മോഡല്‍ തെരുവിലിറങ്ങുക. അല്ലെങ്കില്‍,മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആഴ്ചയില്‍ 3 ദിവസം തങ്ങുന്ന വിധം അഡീഷണല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള ഭരണ കേന്ദ്രങ്ങള്‍ മലബാറില്‍ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മത-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്തം ഉണ്ട്. പാര്‍ടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: