ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൂട്ടരാജി. കുന്നത്തൂര്‍ എംഎല്‍എയ്ക്ക് സ്വന്തം നാട്ടിലാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. എല്‍ഡിഎഫിലേക്ക് ചേക്കാറാനായി ആറുവര്‍ഷം മുമ്പ് കുഞ്ഞുമോന് രൂപീകരിച്ച പാര്‍ട്ടിയായ ആര്‍എസ്പി (എല്‍) ല്‍ നിന്നുമാണ് കൂട്ടരാജിയുണ്ടായത്. ഒരു ലോക്കല്‍ കമ്മിറ്റിയിലെ എല്ലാഅംഗങ്ങളും അടക്കം മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ നിന്നുമായി നിലവില്‍ ചുമതല വഹിക്കുന്ന 25 പ്രാദേശികനേതാക്കളാണ് രാജിവച്ചത്. ആര്‍എസ്പി ലെനിനിസ്റ്റില്‍ നിന്നും രാജിവച്ച് ഔദ്യോഗിക ആര്എസ്പിയില് ചേര്‍ന്നതായി ഇവര്‍ അറിയിച്ചു.
സംസ്ഥാനതലത്തില്‍ ആര്‍എസ്പി ലെനിനിസ്റ്റ് മൂന്ന് ഗ്രൂപ്പായതിന് തൊട്ടുപിന്നാലെയാണ് കുന്നത്തൂരെ കൂട്ടരാജി. സംസ്ഥാന സെക്രട്ടറി അഡ്വ. ബലദേവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പ്രബലവിഭാഗം കഴിഞ്ഞ ദിവസം പിളര്‍ന്നിരുന്നു. സിപിഎമ്മിന്റെ ഔദാര്യം പറ്റി എല്‍ഡിഎഫില്‍ കടിച്ചുതൂങ്ങികിടക്കുന്ന കുഞ്ഞുമോനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ചുമതല ഒഴിഞ്ഞവര്‍ ആരോപിച്ചു. കാല്‍നൂറ്റാണ്ടോളമായി കുന്നത്തൂരിന്റെ എംഎല്‍എ പദം അലങ്കരിക്കുന്ന കുഞ്ഞുമോന് സിപിഎമ്മിന് വിടുപണി ചെയ്യുന്നതല്ലാതെ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഉണ്ടായിരുന്ന വികസന പദ്ധതികള്‍ ഇല്ലാതാക്കുക മാത്രമാണ് അദ്ദേഹം ചെയ്തതത്.
കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍ത്തലാക്കി. തടാകസംരക്ഷണത്തിന് വേണ്ടി അനുവദിച്ച കോടികള്‍ പിടിപ്പുകേടില്‍ ലാപ്സായി. പല ഘട്ടങ്ങളായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പിലാക്കാന്‍ കുഞ്ഞുമോനായില്ല. ഡി.വിനയചന്ദ്രന്റെ സ്മാരകവും മണ്ണൂര്‍കാവ് കഥകളി കേന്ദവുമടക്കം ഇതിനുദാഹരണങ്ങളാണെന്ന് പാര്‍ട്ടി വിട്ടവര്‍ ചൂണ്ടിക്കാട്ടി.
ശാസ്താംകോട്ട തടാകത്തേകുറിച്ച് നിയമസഭയില്‍ പരിഹാസപരമായ പരാമര്‍ശം നടത്തിയ എംഎല്‍എ പക്ഷേ തടാകസംരക്ഷണത്തിന് കാര്യമാത്ര പ്രസക്തമായ ഒന്നും ചെയ്തില്ല. ഏറ്റവും ഒടുവില്‍ തടാകത്തിലെ അമിത ജലചൂഷണം തടയാന്‍ കല്ലടയാറ്റില്‍ നിന്നും തടയണയുണ്ടാക്കി പൈപ്പ് വഴി ജലം ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസില്‍ എത്തിക്കുന്ന 35 കോടി രൂപയുടെ പദ്ധതിയും പാഴാക്കിയെന്നും പാര്‍ട്ടിവിട്ടവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന പോരുവഴി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം ഉഷാദേവി അന്തര്‍ജനം, നേതാക്കളായ പി.കെ. സദാശിവന്, ഷൈജന്‍ സത്യചിത്ര, ഉല്ലാസ് കോവൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: