ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. ഇടനിലക്കാരുടെ സമരത്തെ രാഷ്ട്രീമായും മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയും വിദേശികളും ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് കായിക ചലച്ചിത്ര താരങ്ങള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ ബോളീവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോലി, കുംബ്ലെ എന്നിവരുമാണ് കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്കൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നതായി അറിയിച്ചുകൊണ്ടാണ് പ്രമുഖ താരങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്ക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
ഇന്ത്യക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കര്‍ഷകര്‍. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാര്‍ പറഞ്ഞു.
അര്‍ധ സത്യത്തെക്കാള്‍ അപകടകരമായ ഒന്നും തന്നെയില്ല. എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലര്‍ത്തണമെന്ന് കേന്ദ്രത്തെ പിന്തുണച്ച് സുനില്‍ ഷെട്ടി അഭിപ്രായപ്പെട്ടു.
ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താന്‍ ഒരുമിച്ച് ശ്രമിക്കാം. നമ്മളെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കരണ്‍ ജോഹര്‍ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരണം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ടുപോകാനും സൗഹാര്‍ദപരമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് കോലി ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇവിടുത്തെ ആഭ്യന്തര പ്രശ്നങ്ങളില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിവുണ്ടെന്നാണ് അനില്‍ കുബ്ലെയും പ്രതികരിച്ചു.
പോപ്പ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ ത്യുന്‍ബെയും ഇടനിലക്കാര്‍ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് കായിക ചലച്ചിത്ര താരങ്ങള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം ഇത്തരം വിഷയങ്ങളില്‍ പ്രതികരണം നടത്തുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിച്ചിരിക്കണം. ഇതൊന്നുമില്ലാതെ പ്രതികരിക്കുന്നത് നിരുത്തരവാദിത്തപരമാണെന്ന് വിദേശകാര്യ മന്ത്രാലയവും മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: