ആലപ്പുഴ: വേമ്പനാട് കായലിന്റെ ആഴവും ജലസംഭരണ ശേഷിയും ഗണ്യമായി കുറയുകയാണെന്ന് ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തി. ആലപ്പുഴ തണ്ണീര്‍മുക്കം ഭാഗം ഉള്‍പ്പെടുന്ന വേമ്പനാട് സൗത്ത് സെക്ടറിന്റെ 82 ശതമാനം മേഖലകളിലും ആഴം രണ്ട് മീറ്ററില്‍ കുറവാണെന്നാണ് കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ സമിതിയുടെ പഠനത്തില്‍ കണ്ടെത്തിയത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗവുമായി ചേര്‍ന്നായിരുന്നു ഇക്കോ സൗണ്ടിങ് സര്‍വേ. 1930 മുതല്‍ 90 വര്‍ഷത്തിനിടെ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി 85.7 ശതമാനം കുറഞ്ഞു.
2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വേമ്പനാട് നീര്‍ത്തടം കേന്ദ്രീകരിച്ചു ഡോ. വി.എന്‍. സഞ്ജീവന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തിയത്. കണ്ടെത്തലുകള്‍ അന്തിമമാക്കിയ ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പാടശേഖരങ്ങളുടെ അതിരുകെട്ടി ബലപ്പെടുത്തിയതോടെ നദികളില്‍നിന്നു ചെളിയും മണ്ണും നിറഞ്ഞ വെള്ളം നേരിട്ടു കായലില്‍ എത്തുന്നതു മൂലമാണ് കായലിന്റെ ആഴവും ശേഷിയും കുറഞ്ഞത്. കായലിന്റെ കുറഞ്ഞ ആഴം 0.6 മീറ്ററും പരമാവധി 6.73 മീറ്ററുമാണ്. ഇടയ്ക്കിടെ ഡ്രഡ്ജിങ് നടത്തുന്ന ബോട്ട് ചാനലില്‍ നാലു മീറ്ററില്‍ കൂടുതല്‍ ആഴമുണ്ട്.
നെല്ല്, മത്സ്യ കൃഷികള്‍ക്കും പാര്‍പ്പിട, വികസന ആവശ്യങ്ങള്‍ക്കും വേണ്ടി നികത്തല്‍ വ്യാപകമായത് കായലിന്റെ വിസ്തൃതി കുറയാന്‍ ഇടയാക്കി. വേമ്പനാട് നീര്‍ത്തടത്തിന്റെ ഭാഗമായ അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍ നദികളില്‍ 2018ലെ പ്രളയ ശേഷം മണല്‍ കാണപ്പെട്ടു. ശക്തമായ ഒഴുക്കുണ്ടെങ്കില്‍ മണല്‍ രൂപീകരണം സാധിക്കുമെന്നതിന്റെ സൂചനയാണിത്. ഒഴുക്കിനു വേണ്ടത്ര ശക്തിയില്ലാത്തതും അമിത മണലെടുപ്പുമാണ് പ്രതികൂല ഘടകങ്ങള്‍. നദി കരകവിഞ്ഞൊഴുകുന്നതും പാലങ്ങള്‍ക്ക് അടിയിലുള്ള തടസ്സങ്ങളും ഒഴുക്കിന്റെ ശക്തി കുറയ്ക്കും.
തോട്ടപ്പള്ളി സ്പില്‍വേയ്ക്കു കടലിലേക്കു വെള്ളം പുറന്തള്ളാനുള്ള ശേഷി കുറവായതിനാല്‍ കുട്ടനാട്ടിലെ പ്രളയജലം ഒഴുകിപ്പോകാന്‍ മറ്റൊരു ഔട്ട്ലൈറ്റിനുള്ള സാധ്യത പരിഗണിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. അച്ചന്‍കോവില്‍, പമ്പ, മണിമലയാറുകളില്‍ നിന്നെത്തുന്ന വെള്ളം മറ്റൊരു ഔട്ട്ലൈറ്റ് വഴി കടലിലേക്ക് ഒഴുക്കിയാല്‍ കുട്ടനാട്, ചേര്‍ത്തല ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങുന്നത് ഒഴിവാക്കാം. 3 നദികളെയും ബന്ധിപ്പിച്ച് പുറക്കാട് കായല്‍ ഭാഗത്തു നിന്ന് ഔട്ട്ലെറ്റ് പണിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: