പയ്യാവൂര്‍: രോഗഭീഷണിയുയര്‍ത്തി ആന്ധ്രാ പന്നിയിറച്ചി വിപണിയില്‍ വ്യാപകം. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ നടപടിയെടുക്കാത്തത് കടുത്ത ആരോഗ്യപ്രശ്നത്തിന് കാരണമാകുന്നു. ആന്ധ്രാപ്രദേശിലെ ഓടകളില്‍ നിന്നും മാലിന്യങ്ങള്‍ തിന്ന് അലഞ്ഞുതിരിയുന്ന പന്നികളെ കുറഞ്ഞവിലക്ക് വാങ്ങി ഇവിടെയെത്തിച്ച് വന്‍ ലാഭം കൊയ്യുന്ന സംഘമാണ് മലയോരമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.
30-40 കിലോഗ്രാം തൂക്കം വരുന്ന പന്നികളാണ് ആന്ധ്രയില്‍ ഏറെയും. കക്കൂസ് മാലന്യങ്ങളും ഓടകളിലെ മാലന്യവുമാണ് ഇവയുടെ പ്രധാനഭക്ഷണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവയായതിനാല്‍ പലതരത്തിലുള്ള രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പന്നികളെ വലിയ ലോറികളില്‍ നാലും അഞ്ചും അട്ടിയാക്കിയിട്ട് കര്‍ണാടകയിലെ ചില കേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിന്നാണ് കണ്ണൂരിലെ ചില ഫാമുകളിലെത്തിക്കുന്നത്. ഇവിടെ നിന്നും ഇവയെ ഇറച്ചിയാക്കി വില കുറച്ച് കോള്‍ഡ് സ്റ്റോറേജുകളിലെത്തിക്കുകയാണ്.
ആന്ധ്രയില്‍ 1000-1500 രൂപക്ക് ഏജന്റുമാര്‍ മുഖേന വാങ്ങുന്ന പന്നികളെ ഇവിടെയെത്തിച്ച് ഇവിടെയുള്ള പന്നിഫാമുകളില്‍ നിന്നെന്ന വ്യാജേന കിലോവിന് 170-190 രൂപക്ക് ചില കോള്‍ഡ് സ്റ്റോറേജുകാര്ക്ക് വില്‍പ്പന നടത്തും. ഇവര്‍ ഉപഭോക്താക്കള്‍ക്ക് 280 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. ഒരു കിലോ ഇറച്ചിക്ക് 100 രൂപ ലാഭം കിട്ടും. അതേസമയം ഇവിടെയുള്ള പന്നിഫാമുകളില്‍ നിന്നും ലഭിക്കുക 240 രൂപക്കാണ്. ഇവ വില്‍പ്പന നടത്തിയാല്‍ 40 രൂപ മാത്രമേ ലാഭം കിട്ടുകയുള്ളൂ. അതുകൊണ്ടുതന്നെ നിലവാരം കുറഞ്ഞ ആന്ധ്രാ പന്നിയിറച്ചി വില്‍പ്പന നടത്താനാണ് കോള്‍ഡ് സ്റ്റോറേജുകാര്ക്കും താല്‍പ്പര്യം.
കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉളിക്കലിനടുത്ത് പ്രവര്‍ത്തിച്ചുവന്ന പന്നി ഫാം നാട്ടുകാര്‍ അടപ്പിച്ചിരുന്നു. ഇവിടെ അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഗുണനിലവാരമില്ലാത്ത ഇറച്ചിയും പന്നികളെയും പിടികൂടിയിരുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രശ്നത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. ഇരിട്ടി, ഇരിക്കൂര്‍, ശ്രീകണ്ഠ പുരം, പയ്യാവൂര്‍, ആലക്കോട് മേഖലകളില്‍ ഇത്തരത്തിലുള്ള പന്നിയിറച്ചി ചിലര്‍ വില്‍പ്പന നടത്തുന്നതായി പിഗ് ഫാര്‍മേഴ്സ് അസോസിയേഷന് ആരോപിച്ചു.
മലയോരമേഖലകളില്‍ നൂറുകണക്കിന് പന്നിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പന്നികളുടെ തീറ്റകള്‍ക്കെല്ലാം കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവിടെ നിന്നും മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വണ്ടിയില്‍ പോയാണ് ഹോട്ടല്‍ വേസ്റ്റുകളും മറ്റും ശേഖരിക്കുന്നത്. നെയ്യ് കുറഞ്ഞ സങ്കരയിനം പന്നികള്‍ രണ്ട് ക്വിന്റലിലേറെ തൂക്കം വരും. ഗുണനിലവാരമുള്ള ഇത്തരം പന്നിയിറച്ചിക്ക് വില കൂടിയാലും മാര്‍ക്കറ്റില്‍ ഡിമാന്റ് ഏറെയാണ്. അതിനിടയില്‍ ഗുണനിലവാരമില്ലാത്ത പന്നികളെ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്നത് പന്നിഫാമുകള്‍ക്ക് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: