ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചു (1-1) . ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങി പിന്നാക്കാം പോയ ബ്ലാസ്റ്റേഴ്സിനെ മലയാളി താരം കെ.പി. രാഹുലിന്റെ ഗോളാണ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. ജോര്‍ഗെ ഓര്‍ട്ടിസാണ് ഗോവക്കായി ഗോള്‍ നേടിയത്.
ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് പതിനാല് പോയിന്റായി. അതേസമയം ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത് പോയിന്റുണ്ട്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴച്ചവച്ചത്. തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താന്‍ അവസരവും ലഭിച്ചു. പക്ഷെ ഗാരി ഹൂപ്പറിന് പന്ത് വലയിലാക്കാനായില്ല. ഇരുപത്തിയഞ്ചാം മിനിറ്റില്‍ എഫ്സി ഗോവ മുന്നിലെത്തി. ജോര്‍ഗെ ഓര്‍ട്ടിസാണ് ഗോള്‍ അടിച്ചത്. ഓര്‍ട്ടിസ് എടുത്ത ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ കയറി നിന്നു. ബ്ലാസ്റ്റേഴസ് താരം ജീക്സണ് , ഓര്‍ട്ടിസിനെ ഫൗള്‍ ചെയ്തതിനാണ് ഗോവയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്.
ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ബ്ലാസ്റ്റേഴ്സ് നാല്‍പ്പതാം മിനിറ്റില്‍ ബിക്കാരി കോനയിലൂടെ ഗോള്‍ നേടിയതാണ്. പക്ഷെ റഫറി ഹാന്‍ഡ്ബോള്‍ വിളിച്ച് ഗോള്‍ അസാധുവാക്കി. ഇടവേളയ്ക്ക്് ഗോവ 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സിന് നല്ലൊരു അവസരം കിട്ടി. ഫക്കുണ്ടോ പെരേരയുടെ ക്രോസില്‍ ബിക്കാരെ കൊന തലവെച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി. അമ്പത്തിയേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി സമനില പിടിച്ചു. മലയാളി താരം കെ.പി. രാഹുലാണ് സ്കോര്‍ ചെയ്തത്. പെരേര നല്കിയ ക്രോസ് ഹെഡ് ചെയ്ത് രാഹുല്‍ വലയിലാക്കി (1-1). ഈ സീസണില്‍ രാഹുലിന്റെ മൂന്നാം ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്സിക്കെതിരെയും രാഹുല്‍ ഗോള്‍ നേടിയിരുന്നു
അറുപത്തിയഞ്ചാം മിനിറ്റില്‍ ഗോവയുടെ ഇവാന് ഗോണ്‍സാലസ് രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ടതോടെ പുറത്തായി. പിന്നീട് പത്ത് പേരുമായാണ് ഗോവ പൊരുതിയത്. എന്നാല്‍ ഈ ആനുകൂല്യം മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: