കാസര്‍കോട്: ഗ്രാമീണ മേഖലയില്‍ ബ്ലേഡ് പലിശയ്ക്ക് പണം നല്കുന്നവര് പിടിമുറുക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് 3000 മുതല്‍ പതിനായിരം രൂപ വരെ പലിശ കണക്കാക്കി ആണ് പണം നല്കല്. ചെറുകിട വ്യാപാരികള്‍, തൊഴിലാളികള്‍, വീട്ടമ്മമാര്‍, കരാറുകാര്‍ എന്നിവരാണ് ഇവരുടെ ഇരകള്‍. ഭൂമിയുടെ ആധാരം, ചെക്ക്, വാഹനങ്ങളുടെ ആര്‍സി ബുക്ക് തുടങ്ങിയവ ഈട് വാങ്ങും.
മൂന്ന് മാസം വരെ പലിശ മുടങ്ങിയാല്‍ ജാമ്യം നല്കുന്ന ഭൂമി, വസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കും എന്ന് ഭയപ്പെടുത്തി പണവും, പലിശയും തിരിച്ച് വാങ്ങുന്നതാണ് രീതി. അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത വീട്ടമ്മമാരില്‍ നിന്ന് വരെ വന്‍ തുക തട്ടിയെടുക്കുന്ന വനിതകള്‍ അടക്കമുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനകള്‍ ഉണ്ട്. ചെറിയ തുകകള്‍ വാങ്ങി പലിശ യഥാസമയം നല്കി വിശ്വാസം നേടിയ ശേഷം വന്‍ തുക ആവശ്യപ്പെടുന്നതാണ് രീതി. പണം ലഭിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ അറിയാതെ സ്വര്‍ണം വരെ പണയപ്പെടുത്തി തുക വാങ്ങും.
കോവിഡ് പ്രതിസന്ധിയില്‍ ചെറുകിട ബാങ്കുകള്‍ വായ്പകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തമിഴ്നാട്ടില്‍ നിന്നുള്ള ബ്ലേഡ് സംഘങ്ങളാണ് പ്രധാന ആശ്രയം. ബാങ്ക് വായ്പ നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും ഇവരെ ആശ്രയിക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നു.
ഈ സംഘങ്ങള്‍ ആദ്യം കയ്യിലെടുക്കുന്നതു പ്രാദേശിക രാഷ്ട്രീയ നേതാക്കളെയാണ്. പ്രദേശത്തു ശക്തരായ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കിയാണ് ഇവര്‍ സ്വാധീനമുണ്ടാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓപ്പറേഷന് കുബേര അടക്കം പോലീസ് ഇടപെടലുകള്‍ ശക്തമായതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ച ബ്ലേഡുകാര്‍ വീണ്ടും തല പൊക്കി തുടങ്ങിയതോടെ ആത്മഹത്യകളും വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: