ദൈവത്തിന്റെ സ്വന്തം നാടല്ലേ കേരളം അഥവാ കൈരളി?. വെയിലും മഴയും പുഴയും ചൂടും കുളിരും വേണ്ടപോലെ. നീണ്ടുനിവര്‍ന്നു കിടക്കുന്നു കടലോരം. കായലുകളുടെ കാര്യം പറയുകയേ വേണ്ട. കുഴിയും കുന്നും കൊടുമുടിയുമെല്ലാം കൊണ്ടും സമൃദ്ധം. സമ്പന്നം കേരളം.
പരശുരാമനെന്ന് പറഞ്ഞാല്‍ വിഷ്ണുവിന്റെ അവതാരമാണല്ലോ. സമുദ്രത്തില്‍ നിന്നും കേരളക്കരയെ സൃഷ്ടിച്ച ശ്രേഷ്ഠ ബ്രാഹ്മണന്‍. പരശു (മഴു) ആയുധമാക്കിയ ഭാര്‍ഗവ പുത്രനായ രാമന്‍ പരശുരാമന്‍.
ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും ദ്രോണരുടെയും പിന്നീട് കര്‍ണന്റെയും ഗുരു. ആയോധന കലയില്‍ കെങ്കേമന്‍. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയുടെയും ഗുരു പരശുരാമനെന്ന് ഇതിഹാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഏഴ് ചിരഞ്ജീവികളിലൊന്ന് പരശുരാമനാണത്രേ. അവതാരമായ പരശുരാമന്റെ കഥകള്‍ പറയുവാന്‍ ഏറെയുണ്ട്. പരശുരാമന്‍ മഴു എറിഞ്ഞ് നേടിയെടുത്ത മലയാളക്കര ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. അവതാരങ്ങളിലും ദൈവങ്ങളിലും ഭക്തിയിലും ഭക്തി പ്രസ്ഥാനങ്ങളിലുമൊന്നിലും വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകാരന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് കൈരളിക്ക് ദൈവത്തിന്റെ സ്വന്തം നാടെന്ന അവകാശവാദമുയര്‍ന്നത്. ആ വിശേഷണം കരയും കടലും കടന്ന് പരന്നു.
ദൈവമാണ് സകല ജീവജാലങ്ങളുടെയും സൃഷ്ടികര്‍ത്താവ്. വിശ്വാസികളുടെ മതം അതാണ്. ജനുസ്സുകളും ജനുസ്സല്ലാത്തതും ജീവനുള്ളതും ഇല്ലാത്തതുമെല്ലാം ദൈവത്തിന്റെ സൃഷ്ടി. തൂണിലും തുരുമ്പിലുമെന്നു വേണ്ട എല്ലാറ്റിലും ദൈവാംശമുണ്ടല്ലോ. അതൊന്നും ഇല്ലെന്ന് പ്രഖ്യാപിക്കാന്‍ മടിക്കാത്ത ജനുസ്സുണ്ട്. അതിലൊന്നാണ് പിണറായി. ”ഇത് പ്രത്യേക ജനുസ്സാണ്. പി.ടി. തോമസിനത് മനസ്സിലാകില്ലെ”ന്നല്ലെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ തന്നെ പ്രഖ്യാപിച്ചത്. ആ ജനുസിന്റെ കാര്യം പറയുമ്പോള്‍ തലശേരി വാടിക്കല്‍ രാമകൃഷ്ണനെ ഓര്‍മ്മവരും. രാമകൃഷ്ണന്‍ മഴുവിന്റെ വെട്ടേറ്റാണ് മരിച്ചത് എന്ന് കൂടി അറിയണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ കാലുണ്ടാകില്ലെന്ന് ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന് വാര്‍ത്ത. പ്രിസൈഡിംഗ് ഓഫീസര്‍ ശ്രീകുമാര്‍ തന്നെ വെളിപ്പെടുത്തിയതാണിത്. സ്വാഭാവികമായും നിയമസഭയില്‍ എത്തുമല്ലോ. കാസര്‍കോഡ് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് അടിയന്തര പ്രമേയം കൊണ്ടുവന്നു. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലാണല്ലോ. പ്രത്യേക ജനുസ്സായ പിണറായി വിജയന് അത്ഭുതം ! ‘എന്തായിത് ? ഇങ്ങനെ പത്രവാര്‍ത്ത കേട്ട് പ്രമേയമോ? ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അങ്ങിനെയൊന്നുമുള്ള ജനുസ്സല്ല. കുഞ്ഞിരാമന്‍ അങ്ങിനെയൊന്നും ചെയ്യില്ല. പറയുകയുമില്ല. മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ ഉദുമയില്‍ അമ്മാതിരി പെരുമാറുന്ന സഖാക്കളേ ഇല്ലെന്ന് തോന്നും. രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ പട്ടാപ്പകല്‍ റോഡില്‍ വെട്ടിക്കൊന്ന പ്രതികളായ സഖാക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സുപ്രീംകോടതിവരെ പോയത് അതുകൊണ്ടാണല്ലോ.
മുഖ്യമന്ത്രിയുടെ ജില്ലക്കാരനായ മന്ത്രി ജയരാജനും പ്രത്യേക ജനുസ്സില്‍പ്പെട്ടതാണെന്ന് എത്രയോ തവണ തെളിയിച്ചു. കഴുത്തില്‍ വെടിയുണ്ടയും പേറി കഴിയുന്ന വേറെ ആരുണ്ട്. പണ്ടൊരു വനംമന്ത്രി കാന്തലോട്ടു കുഞ്ഞമ്പു ആ ജനസ്സില്‍ പെട്ടതായിരുന്നത്രേ.
ജയരാജന്‍ പണ്ട് പാര്‍ട്ടിപത്രത്തിന്റെ ജനറല്‍ മാനേജറായിരുന്നു. പത്രത്തിനുവേണ്ടി ലോട്ടറി തട്ടിപ്പുകാരനെന്ന് പാര്‍ട്ടി തന്നെ ആരോപിച്ച മാര്‍ട്ടിനില്‍ നിന്ന് ഒരു കോടി കൈപ്പറ്റി. പാര്‍ട്ടിയിലത് പ്രശ്‌നമായി. ഒടുവില്‍ ജനറല്‍ മാനേജര്‍ സ്ഥാനം ഒഴിയേണ്ടിവന്നു. മന്ത്രിയായി മാസങ്ങള്‍ക്കകം അതും രാജിവയ്‌ക്കേണ്ടിവന്നു. ബന്ധു നിയമനമായിരുന്നു പ്രശ്‌നം. ഏറ്റവും ഒടുവിലത്തെ വിവാദം ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിപ്പിച്ചതാവാം.
അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണത്തെ നേരിട്ട കെ.എ. രതീശ് എന്ന വ്യക്തിയെ ഖാദിബോര്‍ഡ് സെക്രട്ടറിയാക്കിയതില്‍ തന്നെ വശപ്പിശകുണ്ട്. മുന്നത്തെ സെക്രട്ടറിക്ക് 80,000 രൂപയായിരുന്നു ശമ്പളം. തനിക്ക് 1.75 ലക്ഷം ശമ്പളം വേണമെന്നാവശ്യപ്പെട്ടു. അഞ്ചംഗ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നംഗങ്ങള്‍ വിയോജിച്ചു. അങ്ങിനെയാണ് വ്യവസായമന്ത്രി ഇടപെടുന്നത്. 1.75 ലക്ഷം എങ്ങിനെ കൊടുക്കുമെന്ന് മന്ത്രി! രതീശ് പ്രത്യേക ജനസ്സുള്ളതല്ലെ. 1.6 ലക്ഷം കൊടുത്താല്‍ മതി. എന്നുവച്ചാല്‍ 80000 ന്റെ ഇരട്ടി. എങ്ങിനെയുണ്ട് ബുദ്ധി? എത്രയെത്ര ജനുസ്സുകളാണ് ദൈവത്തിന്റെ സ്വന്തം നാടിനെ ഇങ്ങിനെ സമ്പുഷ്ടമാക്കുന്നത്!
യുഡിഎഫിന് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടെടുക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തിന് അല്പായുസ്സായി. പ്രസ്താവന നടത്തി മണിക്കൂറുകള്‍ തികയും മുന്‍പ് ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയെ നിശ്ചയിച്ചു. ദല്‍ഹിയില്‍ നിന്നാണ് തീരുമാനം. സ്വന്തം പഞ്ചായത്തില്‍ ബംഗാള്‍ മോഡല്‍ സഖ്യത്തിന് രൂപം നല്‍കിയ ചെന്നിത്തലയും പ്രത്യേക ജനുസ്സില്‍ തന്നെ. ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തണമെന്ന മുസ്ലീംലീഗിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. ലീഗിലെ പ്രത്യേക ജനുസ്സായ കുഞ്ഞാലിക്കുട്ടിയുടെ മോഹം ഇതോടെ അംഗീകരിക്കപ്പെടുകതന്നെയാവും അവസ്ഥ. അതോടെ താക്കോല്‍ സ്ഥാനം സ്വന്തമാകണമെന്നും സ്വന്തമാക്കണമെന്നുമുള്ള പലരുടേയും മോഹത്തിന്റെ കൂമ്പടയുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: