തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ തീപിടിത്തം നടന്നതിന് പിന്നാലെ എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സംഭവത്തിൽ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു. കെക്സോണിൽ നിന്നും സുരക്ഷാ ഗാർഡുമാരായി എത്തിയ സുരേന്ദ്രൻ.സി, സലീം.എസ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കി. സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടിച്ചത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് കെ.സുരേന്ദ്രൻ കന്റോൺമെന്റ് ഗേറ്റിൽ എത്തിയത്. ആ സമയം ഇരുവരുമായിരുന്നു സുരക്ഷാ ചുമതയിൽ ഉണ്ടായിരുന്നത്. തീപിടിച്ച വിവരം കന്റോൺമെന്റ് ഗേറ്റിൽ അറിഞ്ഞിരുന്നുമില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്നതിനാൽ തന്നെ സുരക്ഷാ ജീവനക്കാർ തടഞ്ഞില്ല. തീപിടിച്ച സ്ഥലത്ത് കെ.സുരേന്ദ്രൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരടക്കം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു.
മാധ്യമ പ്രവർത്തകരോട് കാര്യങ്ങൾ ചോദിച്ചറിയവേ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത എത്തി കെ.സുരേന്ദ്രനെയും കൂടിയുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെയും അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി. മാധ്യമ പ്രവർത്തകരെ മുഴുവൻ ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. തുടർന്നാണ് സുരക്ഷാ വീഴ്ച വരുത്തി എന്നാരോപിച്ച് ഇരുവർക്കെതിരെയും നടപടി തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുവരും സുരേന്ദ്രനെ അഭിവാദ്യം ചെയ്തിരുന്നു.ഒരാൾ സലാം നൽകുകയും മറ്റൊരാൾ കൈകൂപ്പി തൊഴുവുകയും ചെയ്തു. ഇതാണ് അന്വേഷണ സമതിയെ പ്രകോപിപ്പിച്ചത്. സുരേന്ദ്രനെ പരിശോധിക്കാതെ കടത്തിവിട്ടു എന്നാണ് ചുമത്തിയ കുറ്റം.
അതേസമയം പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിപോലും പരിശോധനയക്ക് തയ്യാറാകാറില്ലെന്ന് സുരക്ഷാചുമതലയിലുള്ള മറ്റ് ജീവനക്കാർ പറയുന്നു. സർവ്വ കക്ഷി യോഗങ്ങൾക്കും മന്ത്രിമാരെ കാണാനും വിവധ രാഷ്ട്രീയ കക്ഷി നേതാക്കൾ എത്താറുമുണ്ട്. അവരെയാരും പരിശോധിക്കാറില്ലെന്നും അവരാരും പരിശോധനയ്ക്ക് തയ്യാറാകാറില്ലെന്നും സുരക്ഷാ ജീവനക്കാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: