ന്യൂദല്‍ഹി: കര്‍ഷകരുമായി മറ്റന്നാള്‍ ചര്‍ച്ച നടത്തുമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സമിതി അംഗം അനില്‍ ഖന്‍വത് അറിയിച്ചു. സമരം നടത്തുന്ന കര്‍ഷകര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സമിതി ഏകപക്ഷീയമായി, സര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന ആരോപണമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
കര്‍ഷകരുടെ നിലപാട് വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ ഖന്‍വത് രംഗത്തെത്തി. എന്നാല്‍ സമിതി അംഗങ്ങള്‍ നിഷ്പക്ഷ നിലപാട് മാത്രമേ സ്വീകരിക്കൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കര്‍ഷകര്‍ക്ക് ഇന്ന് ഉറപ്പു നല്‍കി. ജനുവരി 11-നാണ് സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്.
എന്നാല്‍ സമിതി അംഗങ്ങള്‍ നേരത്തേ തന്നെ കൃഷി നിയമങ്ങളെ പിന്തുണയ്‌ക്കുന്നവരാണെന്ന കര്‍ഷകരുടെ പ്രതികരണത്തെ തുടര്‍ന്ന് സമിതിയില്‍നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ സ്വയം പിന്‍മാറിയിരുന്നു. ഇതുവരെ ഒന്‍പതു തവണ കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനിടെയാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കര്‍ഷകരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: