ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ ഉപദേശം നല്കുന്ന സമിതിയില്‍ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ നിയമിച്ചു. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ (ഐസിഎം) ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതി അംഗമായി നിയമിച്ചതിന്റെ അറിയിപ്പ് ഇന്നു യൂസഫലിക്ക് ലഭിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യൂസഫലിയെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശത്ത് തൊഴില്‍ അന്വേഷകരായി പോവുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം. തൊഴില്‍ മേഖലയിലെ രാജ്യത്തെ മാനവവിഭവ ശേഷി അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കുക, വിദേശ രാജ്യങ്ങളിലെ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തികഞ്ഞ യോഗ്യരും നൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴില്‍ സമൂഹം ഏറെയുള്ള രാജ്യമായി ഇന്ത്യയെ ഉയര്‍ത്തി കാട്ടുക, വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴില്‍ സമൂഹത്തിനാവശ്യമായ ക്ഷേമപദ്ധതികള്‍ തയാറാക്കുക തുടങ്ങിയവയാണ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്റെ പ്രധാന ചുമതലകള്‍.
രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ തന്നെ പ്രധാന ഭാഗമായി ഇന്ത്യയെ മാറ്റാനും പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടിന് സാധിക്കുമെന്ന് നേരത്തെ യൂസഫലി പറഞ്ഞിരുന്നു. കൂടുതല്‍ കാര്യക്ഷമതയും മല്‍സരക്ഷമതയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുള്ള നയങ്ങള്‍ പിന്തുടരുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തും. നമ്മുടെ യുവതലമുറയ്ക്കും വരാനിരിക്കുന്ന ഭാവി തലമുറകള്‍ക്കുമെല്ലാം വിജയത്തിനുള്ള വഴി വെട്ടിത്തുറക്കും ആത്മനിര്‍ഭര്‍ ഭാരത്.
ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിനും നേതൃത്വമികവിനും സാധിച്ചിട്ടുണ്ടെന്നത് പറയാതെ വയ്യ. ഇന്ന് ലോകനേതാക്കളെല്ലാം തന്നെ ഇന്ത്യയെ വളരെ ബഹുമാനത്തോട് കൂടിയാണ് നോക്കിക്കാണുന്നത്. വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന മികച്ച ആശയവിനിമയത്തിന്റെയും കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധത്തിന്റെയും ഫലമാണത്.
പ്രധാനമന്ത്രിയുടെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍ കേന്ദ്രം കൈക്കൊണ്ട സാമ്പത്തിക പരിഷ്കരണങ്ങളും ഫലം കണ്ടു. രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിന്റെ കണക്കുകളില്‍ തന്നെ അത് പ്രതിഫലിക്കുന്നു. അധികം വൈകാതെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും അദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: