തിരുവനന്തപുരം: 2019-20 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വച്ചു. സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് താഴേക്കാണെന്നും സംസ്ഥാനത്തിന്റെ കടബാധ്യത കുതിച്ചുയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രകൃതി ദുരന്തങ്ങളും കൊറോണയും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിദുരന്തങ്ങൾ സാമ്പത്തിക വളർച്ചയെ ബാധിച്ചു. കൊറോണ സമ്പദ് വ്യവസ്ഥയെ ബാധിക്കും. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സമ്പദ് വ്യവസ്ഥ 26% ചുരുങ്ങും. വിലക്കയറ്റം സാമ്പത്തിക വിഷമത വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വളർച്ചാ നിരക്ക് 3.45 ശതമാനം ആയി. മുൻ വർഷം ഇത് 6.49 ശതമാനം ആയിരുന്നു. കാർഷിക മേഖലയുടെ വളർച്ച താഴേയ്ക്കാണ്. ഇത് നെഗറ്റീവായി തുടരുകയാണ്. – 6.62 ശതമാനമാണ് കാർഷിക മേഖലയുടെ വളർച്ചാ നിരക്ക്. കൃഷിഭൂമിയുടെ അളവ് വർധിച്ചു. നെല്ല് ഉൽപാദനം കൂടിയിട്ടുണ്ട്. ഉൽപാദന മേഖലയിലെ വളർച്ച 1.5 ശതമാനമാണ്. കൊറോണ അടച്ചിടൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ ബാധിച്ചു. വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയുണ്ടായി.
2020ലെ 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25,000 കോടി രൂപയാണ്. റവന്യൂ വരുമാനത്തിൽ 2629 കോടി രൂപയുടെ കുറവുണ്ടായി. കേന്ദ്ര നികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതത്തിലും കുറവുണ്ടായി. തനത് നികുതി വരുമാനത്തിലും കുറവാണ്. ശമ്പളം, പലിശ, പെൻഷൻ ചെലവ് ഉയർന്നു. സംസ്ഥാനത്തിന്റെ കടബാധ്യത 260311 കോടി രൂപയായി ഉയർന്നു. ആഭ്യന്തര കടത്തിന്റെ വർധന 9.91 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നാളത്തെ ബജറ്റിന് മുന്നോടിയായാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ വച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: