മലമ്പുഴയിലെ യക്ഷി, ശംഖുംമുഖത്തെ സാഗര കന്യക ഇതുമാത്രം മതി ശില്പി കാനായി കുഞ്ഞിരാമനെ അടയാളപ്പെടുത്താന്‍. ഈ മഹത്വം മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാര്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്തും ഇങ്ങനെയുള്ള ശില്പങ്ങള് വേണമെന്ന് നായനാര്‍ നിര്‍ദ്ദേശിച്ചു. കാനായി അത് അക്ഷരം പ്രതി അംഗീകരിച്ചു. കലാലോകം കാനായിയെ അംഗീകരിക്കുകയും ചെയ്തു. കാനായിയുടേത് കലയാണോ കലയുടെ കൊലയാണോ എന്ന് സംശയമുള്ള ഒരേ ഒരാളേ ഉണ്ടാകൂ. അത് നമ്മുടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും.
കേരളത്തിലെ കലാസ്നേഹികളൊന്നടങ്കം ശംഖുമുഖത്തെ കാനായി ശില്പത്തെ അവഹേളിക്കരുതെന്ന് ആവശ്യപ്പെടുന്നു. എന്നിട്ടും പാലം കുലുങ്ങിയാലും കേരളന്‍ കുലുങ്ങില്ലെന്ന ഭാവത്തില്‍ ടൂറിസം മന്ത്രി നിലകൊള്ളുന്നത് അതുകൊണ്ടല്ലെ?
പ്രൗഢഗംഭീരമായ കാനായിയുടെ സാഗരകന്യക ശില്പത്തിനടുത്ത്, പഴകി തുരുമ്പിച്ച ഒരു ഹെലികോപ്റ്റര്‍ സ്ഥാപിച്ചതാണ് കടകംപള്ളിയുടെ വിപ്ലവാഭിനിവേശം. കടകംപള്ളിക്ക് കാനായിയെ അറിയില്ല. മന്ത്രിക്കറിയുന്നത് ചെഗുവേരയെയാണല്ലോ.
ചോളമണ്ഡലം കലാഗ്രാമത്തില്‍ ചിത്രകല അഭ്യസിച്ചയാളാണ് കാനായി. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥന്. ചിത്രകലയില്‍ നിന്ന് ശില്പ്പകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൗധരിയെപ്പോലെയുള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളില്‍ കൊത്തുപണി തുടങ്ങി. തകരപ്പാളിയില്‍ തീര്‍ത്ത ‘അമ്മ’ എന്ന ശില്പം ഒരു കലാകാരന് തന്റെ സമൂഹത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും കേട്ടുകേള്‍വികളില്‍ നിന്നും ആവോളം പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം മദിരാശിയിലെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന് 1960-ല്‍ ഒന്നാം ക്ലാസോടെ ശില്പകലയില് ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയില് ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ 1965 -ല്‍ പൂര്‍ത്തിയാക്കി.
മലമ്പുഴയിലെ യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂര്‍), മുക്കട പെരുമാള്‍ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശില്പം, ദുരവസ്ഥയുടെ ശില്പം (തോന്നക്കല്‍ ആശാന് സ്മാരകം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്രബോസ്, ശ്രീ ചിത്തിര തിരുനാള്‍, പട്ടം താണുപിള്ള, മന്നത്ത് പത്മനാഭന്, വിക്രം സാരാഭായി, ഡോ. പല്പു, മാമന് മാപ്പിള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങള് (ആള്‍രൂപങ്ങള്‍), കേരള സര്‍ക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാര്‍ഡുകളുടെയും രൂപകല്പന എന്നിവയാണ്.
രാജാ രവിവര്‍മ്മ നാഷണല്‍ അവാര്‍ഡ് ഫോര്‍ ആര്‍ട്ട് (ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി)
2018: കര്‍ണ്ണാടക ചിത്രകലാ പരിഷത്തിന്റെ നഞ്ചുണ്ട റാവു നാഷണല്‍ അവാര്‍ഡ് ഫോര്‍ ആര്‍ട്ട് (ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി) പട്യാല അന്താരാഷ്ട്ര ശില് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് കേന്ദ്ര ലളിതകല അക്കാദമി അദ്ദേഹത്തിന്റെ രചനകള്‍ ഉള്‍പ്പെടുത്തി 2008 ല്‍ പുസ്തകം ഇറക്കി.
കാനായിയുടെ അഭിപ്രായത്തില്‍ തന്റെ ഏറ്റവും ദുഷ്കരമായ ശില്പം ഇ.എം.എസ്സിന്റെ ശില്പമാണ്. പ്രത്യേകിച്ച് എഴുന്നു നില്ക്കുന്ന സവിശേഷതകളില്ലാത്ത ഇ.എം.എസ്സിന്റെ രൂപം കേരളീയര്‍ക്കു സുപരചിതമായിരുന്നു. യഥാര്‍ത്ഥരൂപത്തിനു വളരെ സമാനമായ ഇ.എം.എസ്.ശില്പം തന്റെ ഏറ്റവും ആനന്ദദായകമായ അനുഭവമായി കാനായി സാക്ഷ്യപ്പെടുത്തുന്നു. ഒരു ഇരിപ്പുമുറിയില്‍ വളരെ വലിയ ഒരു ശില്പത്തിനു സ്ഥാനമില്ലാത്തതുപോലെ ഒരു ചെറിയ ശില്പം ഒരു വിശാലമായ കടല്‍പ്പുറത്തോ പുല്‍ത്തകിടിയിലോ യോജിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പൊതുസ്ഥലങ്ങളിലെ ഭീമാകാരമായ ശില്പങ്ങള് സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു.
‘എന്റെ അമ്മയെയും കുഞ്ഞിനെയും അവര്‍ കൊന്നു. അമ്മയും കുഞ്ഞും പൂതനയും കൃഷ്ണനും പോലെയായി. എങ്ങിനെയാവാതിരിക്കും. എല്ലായിടത്തും പൂതനമാരാണല്ലോ. സാധാരണജനങ്ങള്‍ക്കുള്ള സൗന്ദര്യബോധംപോലും ഡി.ടി.പി.സി. ഉദ്യോഗസ്ഥര്‍ക്കില്ലാതെപോയി…’ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിച്ച തന്റെ ശില്പങ്ങളുടെ അവസ്ഥ കണ്ട് ഒരിക്കല്‍ കാനായി കുഞ്ഞിരാമന് വികാരാധീനനായി. ഉദ്യോഗസ്ഥര്‍ക്കെതിരെ പൊട്ടിത്തെറിച്ചു. ശില്പങ്ങളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നാട്ടുകാരില്‍ ചിലര്‍ വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് കാനായി ഭാര്യ നളിനിയോടൊപ്പം പയ്യാമ്പലത്തെത്തിയത്.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പയ്യാമ്പലത്ത് ശില്പങ്ങള് സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ശംഖുമുഖത്തും മലമ്പുഴയിലും നിര്‍മിച്ചതുപോലെയുള്ള ശില്പം കണ്ണൂരിലെ ജനങ്ങള്‍ക്കുവേണ്ടി ഇവിടെയും സ്ഥാപിക്കണമെന്നായിരുന്നു നായനാരുടെ ആവശ്യം. പയ്യാമ്പലത്ത് രണ്ടുവര്‍ഷം താമസിച്ചാണ് അമ്മ, അമ്മയും കുഞ്ഞും എന്നീ ശില്പങ്ങള് പണിതീര്‍ത്തത്. കരിങ്കല്ലില്‍ അമ്മയെയും മണ്ണില്‍ അമ്മയും കുഞ്ഞിനെയും രൂപപ്പെടുത്തി. കൈത്തണ്ടില്‍ തലചേര്‍ത്ത് കുഞ്ഞിനെ അരികില്‍ കിടത്തി ചരിഞ്ഞുകിടക്കുന്ന അമ്മയും കുഞ്ഞും ശില്പം കലാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
ശില്പങ്ങളുടെ അവസ്ഥ കലാപ്രേമികളെ നൊമ്പരപ്പെടുത്തും വിധത്തിലാണ്. കൃത്യമായ പരിപാലനമില്ലാതെ കരിങ്കല്‍ ശില്പത്തിന്റെ ശോഭയറ്റു. മണ്ശില്പം കാടുകയറി ഇടിഞ്ഞുതാണ് നാമാവശേഷമായി. പരിസരങ്ങളിലെ പച്ചപ്പ് പൂര്‍ണമായും നശിച്ചു. നട്ടുപിടിപ്പിച്ച നാടന്‍ പൂച്ചെടികള്‍ കുറ്റിയറ്റു. ഭൂദൃശ്യമൊരുക്കുന്നതിന്റെ ഭാഗമായിവെച്ചുപിടിപ്പിച്ച മുളയും ഞാവലും ചെമ്പകവും മാത്രമാണ് പാര്‍ക്കില്‍ അവശേഷിക്കുന്നത്.
ദേശീയ തലത്തിലും സാര്‍വദേശീയ തലത്തിലും അറിയപ്പെടുന്ന ശില്പിയായ കാനായി കുഞ്ഞിരാമനെ ആദരിക്കുമ്പോള്‍ കേരളത്തിലെ സാംസ്കാരിക ഔന്നിത്യം ഉയരുമെന്നുറപ്പാണ്. കലയെയും കലാകാരന്മാരെയും എക്കാലവും ആദരിച്ച ചരിത്രമാണ് കേരളത്തിന്റേത്. ഇത്തരത്തില്‍ സാംസ്കാരികമായി ഉയര്‍ന്ന സമൂഹത്തിനു മാത്രമേ കലാകാരന്മാരെ ആദരിക്കാന്‍ കഴിയൂ. ശില് നിര്‍മ്മാണ സങ്കല്പത്തിലും കലാബോധത്തിലും കലയോടുള്ള സമീപനത്തിലും പരിവര്ത്തനോന്മുഖമായ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് കാനായി. യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാനവികവും പുരോഗമനാത്മകവുമായ ഇടപെടലുകളിലൂടെ നവീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെ ഉദാഹരണമാണ് ഓരോ ശില്‍വും.
പക്ഷേ അത് മനസ്സിലാക്കാന്‍ കേരളത്തിലെ ടൂറിസം മന്ത്രിക്കായില്ല. ശംഖുമുഖം വിവാദത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് വരുമ്പോള്‍ ‘കേഴുക മമനാടേ’ എന്നേ പറയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: